Covid-19 Vaccine Tracker: ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന് എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്നിക്-അഞ്ച് ഇന്ത്യയില്‍ ഉല്പാദിപ്പാന് താല്പര്യപ്പെടുന്നുവെന്ന് വാക്സിന് നിര്‍മാണത്തിനായി ഫണ്ടിംഗ് നല്കിയ റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രിവ്. ഇന്ത്യ ടുഡേ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ സ്പുട്നിക്-അഞ്ച് കൊറോണ വൈറസ് വാക്സിനിൽ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്നതിനായി റഷ്യ ഇന്ത്യൻ റെഗുലേറ്റർമാരുമായും നിർമ്മാതാക്കളുമായും ചർച്ച നടത്തുന്നുണ്ടെന്ന് കിറിൽ ദിമിത്രിവ് പറഞ്ഞു.
“ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിര്‍മാണ കമ്പനികളുമായും ഞങ്ങള്‍ക്ക് വലിയ സഹകരണമുണ്ട്. അവര്‍ ഞങ്ങളുടെ ടെക്നോളജി മനസ്സിലാക്കുന്നു,” അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.
കോവിഡ് വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അതിനാൽ ഉൽപാദന പങ്കാളിയായി ഇന്ത്യയെ കൊണ്ടുവരാൻ റഷ്യയ്ക്ക് താൽപ്പര്യമുണ്ടെന്നും ദിമിത്രീവ് കൂട്ടിച്ചേർത്തു.
“തങ്ങളുടെ രാജ്യത്ത് വാക്സിന് ഉല്പാദിപ്പിക്കാന് തയ്യാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം ഞങ്ങള്‍ കണ്ടു. ഇന്ത്യ ഇതിനകം തന്നെ വാക്സിന് മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുന്‍ നിര കമ്പനികളും ഇന്ത്യയില്‍ നിലവിലുണ്ട്. അതിനാല്‍ ഇന്ത്യയില്‍ സ്പുട്നിക്-അഞ്ച് ഉല്പാദിപ്പിക്കാന് മോസ്കോ താല്പര്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു
ഇന്ത്യയിൽ കോവിഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നിവയുൾപ്പെടെ ഇരുപത് രാജ്യങ്ങളുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഉൽപാദന പങ്കാളികൾക്ക് ഈ വാക്സിൻ ലഭ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ആർഡിഎഫ് മേധാവി കൂട്ടിച്ചേർത്തു. ഈ മാസം ആദ്യമാണ് കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന് അറിയിച്ചത്.
അതേ സമയം ചില വിദഗ്ദ്ധര്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നടത്തേണ്ട മൂന്നാം ഘട്ട പരീക്ഷണം നടത്താതെയാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് എന്നതാണ് ഇതിന് കാരണം. പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വളരെ വേഗത്തിലാണ് നടന്നത്. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പ്രക്രിയയും പൂർത്തിയായി. സാധാരണ വാക്സിനുകൾ ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ നിരവധി മാസങ്ങളോ വർഷങ്ങളോ തന്നെ എടുക്കാറുണ്ട്.
വാക്സിനുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ വേണമെന്നും തിരക്കുപിടിച്ച് ഒന്നും ചെയ്യരുതെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചിരുന്നു. ലോകാരോഗ്യസംഘടനയുടെ നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ പുറത്തിറക്കുന്ന വാക്സിന് സ്പുട്ടിനിക്-അഞ്ച് (Sputnik-V) എന്നാണ് പേര്.