മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ വീണ്ടും പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. റഷ്യയിലെ വോൾഗാ സിറ്റിയിൽ ഒരു കാർ ഫാക്ടറിയിൽ തൊഴിലാളികളോട് സംസാരിക്കവേയാണ് താൻ വീണ്ടും ആറ് വർഷം കൂടി പ്രസിഡന്റ് പദത്തിലിരിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്.

“റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും ഞാൻ മത്സരിക്കും”, പുടിൻ പറഞ്ഞു. 2000 മുതൽ പ്രധാമന്ത്രി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുന്ന പുടിൻ ഇനിയുമൊരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2024 വരെ ഭരിക്കാനാകും.

റഷ്യൻ ടിവി ജേണലിസ്റ്റ് സെനിയ സോബ്‌ചാകും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരുവരും ഏറ്റുമുട്ടിയാൽ പുടിൻ അനായാസം വിജയിക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ പറഞ്ഞത്.

റഷ്യയുടെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് അലക്സി നവാനിയ്ക്ക് ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിശ്വസിച്ചേൽപ്പിച്ച പണം അപഹരിച്ചെന്ന കുറ്റത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപ്പിച്ചിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന ആരോപണമാണ് അലക്സി നവാനി ഉന്നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ