scorecardresearch

ഇന്ത്യന്‍ ഉന്നതനെ വധിക്കാന്‍ പദ്ധതിയിട്ട ഐ എസ് ചാവേറിനെ റഷ്യ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

ഇന്ത്യന്‍ ഉന്നതനെ വധിക്കാന്‍ പദ്ധതിയിട്ട ഐ എസ് ചാവേറിനെ റഷ്യ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം

മോസ്‌കോ: ഇന്ത്യയിലെ ഉന്നത നേതാവിനെ ചാവേര്‍ ബോംബാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ട ഐ എസ് ഭീകരനെ റഷ്യ പിടികൂടിയതായി റിപ്പോര്‍ട്ട്. മധ്യേഷ്യന്‍ രാജ്യത്തുനിന്നുള്ള ചാവവേറിനെ കസ്റ്റഡിയിലെടുത്തതായാണു റഷ്യയുടെ ഉന്നത രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരിക്കുന്നത്.

തുര്‍ക്കിയിലായിരിക്കെ, 2022 ഏപ്രിലിനും ജൂണിനും ഇടയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സംഘത്തലവന്മാരില്‍ ഒരാള്‍ വിദേശ പൗരനെ ഒരു ചാവേറായി റിക്രൂട്ട് ചെയ്തതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസി(എഫ് എസ് ബി)നെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട്.

”നിരോധിത അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ ഒരു അംഗത്തെ എഫ് എസ് ബി റഷ്യയില്‍നിന്നു പിടികൂടിയുണ്ട്. മധ്യേഷ്യന്‍ രാജ്യക്കാരനായ ഇയാള്‍ ഇന്ത്യയിലെ ഭരണവൃത്തങ്ങളുമായി ബന്ധപ്പെട്ട ഒരു അംഗത്തിനെതിരെ സ്വയം പൊട്ടിത്തെറിച്ചുകൊണ്ട് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടു,” എഫ് എസ് ബി റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെലിഗ്രാം മെസഞ്ചര്‍ അക്കൗണ്ടുകള്‍ വഴിയും ഇസ്താംബൂളില്‍ ഐ എസ് പ്രതിനിധിയുമായി നേരിട്ടു നടത്തിയ കൂടിക്കാഴ്ചകള്‍ വഴിയുമാണു തീവ്രവാദിക്കു പ്രത്യയശാസ്ത്ര പ്രബോധനം ലഭിച്ചതെന്നു സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് അമീറിനോട് കൂറ് പുലര്‍ത്തിയ തീവ്രവാദിയോട് റഷ്യയിയിലേക്ക പോകാനും ആവശ്യമായ രേഖകള്‍ തയാറാക്കി ഇന്ത്യയിലേക്കു പോയി ചാവേര്‍ ആക്രമണം നടത്താനും നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാഖിലെയും സിറിയയിലെയും ക്രൂരമായ ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഉത്തരവാദികളായ ഭീകര സംഘടനയായ ഐ എസിനെയും അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ) പ്രകാരം ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia detains isis terrorist suicide bomber indian leader