മോസ്കോ: കോവിഡ് വാക്സിൻ ഫലപ്രദമെന്നും അംഗീകരിക്കപ്പെട്ടെന്നും ആവർത്തിച്ച് റഷ്യ. കൊറോണ വെെറസിനെതിരായ വാക്സിൻ തയ്യാറാണെന്നും രജിസ്റ്റർ ചെയ്തെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു.
ക്രെംലിനിൽ നടന്ന യോഗത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. വാക്സിന്റെ ഫലപ്രാപ്തി പുടിന്റെ പെൺമക്കളിൽ ഒരാളിൽ പരീക്ഷിച്ചു. പുടിൻ പറയുന്നതനുസരിച്ച്, വാക്സിനുശേഷം ആദ്യ ദിവസം പെൺകുട്ടിയുടെ ശരീര താപനില ഉയർന്നെങ്കിലും പിന്നീട് അവസ്ഥ സാധാരണ നിലയിലായി. കൊറോണ വൈറസിൽ നിന്നുള്ള പ്രതിരോധശേഷിക്ക് ആവശ്യമായ അളവിൽ ആന്റിബോഡികൾ ലഭിച്ചു. വാക്സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് യാതൊരു സംശയവുമില്ലെന്ന് പുടിൻ അവകാശപ്പെടുന്നു.
Read Also; Covid Vaccine Explained: റഷ്യയുടെ കോവിഡ് വാക്സിൻ വാദം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നു?
“റഷ്യ പലതവണ വാക്സിനുകൾ ഉപയോഗിച്ച് ലോകത്തെ രക്ഷിച്ചു- കോളറ, പോളിയോ, ഡിഫ്തീരിയ, ഹൂപ്പിംഗ് ചുമ, മീസിൽസ്, മറ്റ് അപകടകരമായ രോഗങ്ങൾ എന്നിവയ്ക്കെതിരായ വാക്സിനുകൾ കണ്ടുപിടിച്ചത് റഷ്യയിലാണ്. അതേസമയം, വാക്സിൻ ഇത്രയും നേരത്തെ പുറത്തിറക്കരുതെന്ന് വിദേശ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ റഷ്യയോട് ആവശ്യപ്പെട്ടു. ഇവർക്ക് കച്ചവടം മാത്രമാണ് പ്രധാനമെന്ന് തോന്നുന്നു. വാക്സിൻ മൽസരത്തിൽ റഷ്യ വിജയിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ റഷ്യ പണത്തെ കുറിച്ച് ആലോചിക്കുന്നില്ല. റഷ്യക്കാർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവയ്പ്പ് പൂർണമായും സൗജന്യമായിരിക്കും,” പുടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒക്ടോബർ മുതൽ കോവിഡ് വാക്സിൻ രോഗികൾക്ക് നൽകാനാണ് റഷ്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.
അതേസമയം, കോവിഡ് വാക്സിൻ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ റഷ്യ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ലോകാരോഗ്യസംഘടന. വാക്സിനുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ വേണമെന്നും തിരക്കുപിടിച്ച് ഒന്നും ചെയ്യരുതെന്നുമാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം. ലോകാരോഗ്യസംഘടനയുടെ നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും പറയുന്നു. റഷ്യ പുറത്തിറക്കുന്ന വാക്സിന് സ്പുട്ടിനിക്-അഞ്ച് (Sputnik-V) എന്നാണ് പേര്.