ന്യൂഡല്‍ഹി: ഗ്രാമീണ വേതനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമത്. കാര്‍ഷിക, കാര്‍ഷികേതര, നിര്‍മാണ മേഖലകളിലെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൂലി. കാര്‍ഷികമേഖലയില്‍ 706.5 രൂപയും കാര്‍ഷികേതര മേഖലയില്‍ 677.6 രൂപയും നിര്‍മാണമേഖലയില്‍ 829.7 രൂപയുമാണ് 2020-21 വര്‍ഷത്തില്‍ കേരളത്തിലെ പുരുഷതൊഴിലാളികളുടെ കൂലി.
കാര്‍ഷികേതര വിഭാഗത്തില്‍ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വികസിത സംസ്ഥാനങ്ങളുടെയും ദേശീയ ശരാശരിയുടെയും ഇരട്ടിയിലധികമാണ് കേരളത്തിലെ ഗ്രാമീണ തൊഴിലാളികളുടെ കൂലി. ജമ്മു കശ്മീര്‍ (483 രൂപ), തമിഴ്നാട് (449.5 രൂപ) എന്നിവയാണു കേരളത്തിനു തൊട്ടുപിന്നില്‍. 315.3 രൂപയാണ് ദേശീയ ശരാശരി.
അതേസമയം, ഏറ്റവും പ്രമുഖ വ്യാവസായിക സംസ്ഥാനവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ മുന്‍നിര ഉല്‍പ്പാദകരുമായി കണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയില്‍ ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് 262.3 രൂപ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ബ്യൂറോയുടെ ഇന്ത്യന്‍ ലേബര്‍ ജേണലിലെ കണക്കുകള്‍ പറയുന്നു.
Also Read: ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 15 ന് പുനരാരംഭിച്ചേക്കില്ല
വികസനം, വ്യവസായവല്‍ക്കരണം എന്നിവയില്‍ മാതൃകാ സംസ്ഥാനമായി കണക്കാക്കപ്പെടുന്ന ഗുജറാത്തില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ഇതേ വര്‍ഷം ലഭിച്ചത് 239.3 രൂപയാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമീണ തൊഴിലാളിക്ക് 286.8 രൂപ ലഭിക്കുമ്പോള്‍, ബിഹാറില്‍ ശരാശരി 289.3 രൂപ മാത്രമാണ്. പട്ടികയിലെ 20 സംസ്ഥാനങ്ങളില്‍ പതിനഞ്ചും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.
ഗ്രാമീണ കാര്‍ഷികമേഖലയുടെ കാ്യത്തിലും പ്രതിദിന വേതന വേതനക്കണക്കുകള്‍ സമാനമാണ്. കാര്‍ഷിക മേഖലയിലെ പ്രതിദിന വേതനം കേരളത്തില്‍ 706.5 രൂപയും ജമ്മു കശ്മീരില്‍ 501.1 രൂപയും തമിഴ്നാട്ടില്‍ 432.2 രൂപയുമാണ്. 309.9 രൂപയാണ് ദേശീയ ശരാശരി. ഗുജറാത്ത്- 213.1, മഹാരാഷ്ട്ര-267.7, ഞ്ചാബില്‍- 357, ഹരിയാന- 384.8 രൂപ എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍. ഏപ്രിലിലെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ 2020-21 ലെ കണക്ക് 11 മാസത്തെ ശരാശരിയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലെ കണക്ക് ലഭ്യമല്ലാത്തതിനാല്‍ 2020-21 ലെ സംസ്ഥാനം തിരിച്ചുള്ള കണക്ക് 10 മാസത്തെ ശരാശരിയാണ്.
നിര്‍മാണ മേഖലയില്‍ ഗ്രാമീണ ദിവസവേതനം വര്‍ധിക്കുകയാണ്. കേരളത്തില്‍ പ്രതിദിന കൂലി 829.7 രൂപയാണെങ്കില്‍ അഖിലേന്ത്യാ ശരാശരി 362.2 രൂപയാണ്. തമിഴ്‌നാട്-468.3, മഹാരാഷ്ട്ര-347.9 എന്നിവയാണു കേരളത്തിനു പിന്നില്‍. ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലെ പ്രധാന തൊഴില്‍ ശക്തി.
Also Read: ‘ആത്മീയതയുടെ പാതയില്‍’; കൊബാഡ് ഗാന്ധിയെ പുറത്താക്കി സിപിഐ (മാവോയിസ്റ്റ്)
2017-18 കാലയളവില്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഏകദേശം 31 ലക്ഷമായിരുന്നെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മാര്‍ച്ചില്‍ പുറത്തിറക്കിയ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു മാസം ശരാശരി 16,000 രൂപ കൂലിയായി ലഭിക്കുന്നുണ്ടെന്നും അതില്‍ 4,000 രൂപ (ശരാശരി) മിച്ചവരുമാനമായോ സമ്പാദ്യമായോ മാറ്റാന്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാനങ്ങളിലെ ആളോഹരി ഉല്‍പ്പാദനത്തിലും കാര്യമായ വ്യത്യാസമുണ്ട്. 2020-21ലെ പ്രതിശീര്‍ഷ അറ്റ സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം (എന്‍എസ്ഡിപി) കാര്യത്തില്‍ ഗോവയാണ് ഏറ്റവും മുന്നില്‍-3,74,055 രൂപ. സിക്കിം- 2,57,999, ഡല്‍ഹി- 2,54,001, ഹരിയാന- 1,63,992 എന്നിവയാണു തൊട്ടുപിന്നില്‍. ബിഹാറിന്റേതാണ് ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ എന്‍എസ്ഡിപി- 31,017 രൂപ. ഉത്തര്‍പ്രദേശ്- 41,023, ജാര്‍ഖണ്ഡ്-53,489, മേഘാലയ- 56,471 എന്നിവയാണു ബിഹാറിനു മുന്നില്‍. 2019-20നെ അപേക്ഷിച്ച് 2020-21ല്‍ പല സംസ്ഥാനങ്ങളും പ്രതിശീര്‍ഷ എന്‍എസ്ഡിപിയില്‍ കുറവ് രേഖപ്പെടുത്തി. ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള ഉത്പാദനക്കുറവ് കാരണമായിരിക്കാമിത്.