ന്യൂഡൽഹി: ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ റെക്കോർഡുകൾ തിരുത്തി എഴുതി തകരുകയാണ് രൂപ. ഇന്ന് രാവിലെ വിപണി ഉണർന്നപ്പോൾ ഡോളറിനെതിരായ വിനിമയ മൂല്യം 71 ആയി. സമീപ ദിവസങ്ങളിലെല്ലാം രൂപ നിരന്തരം തകർച്ച നേരിട്ടിരുന്നു. എന്നാൽ ഇതാദ്യമായാണ് 71 രൂപയിലേക്ക് വിനിമയ മൂല്യം കൂപ്പുകുത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രൂപയുടെ വിലയിൽ കനത്ത ഇടിവാണ് സംഭവിച്ചത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയിൽ 10 ശതമാനത്തോളം വർദ്ധനവാണ് ഈ സമയത്തുണ്ടായത്. ഇറാനിൽ നിന്നുളള എണ്ണ വരവിലുണ്ടായ കുറവാണ് ഇത്തരത്തിൽ ക്രൂഡ് വിലയിൽ വർദ്ധനവുണ്ടാകാൻ കാരണം.

ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയതും രൂപയുടെ തകർച്ചയ്ക്ക് കാരണമായി. ഇന്നലെ 15 പൈസ താഴ്ന്ന് വിനിമയ മൂല്യം 70.74 ൽ എത്തിയിരുന്നു. 9.9 ശതമാനം തകർച്ചയോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം നിലയിൽ പ്രവർത്തിക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി. ഓഗസ്റ്റ് മാസത്തിൽ മാത്രം 3.30 ശതമാനം ആണ് വിനിമയ മൂല്യം താഴ്ന്നത്.

റീട്ടെയ്ൽ രംഗത്തെ നാണയപ്പെരുപ്പം, ജൂലൈയിൽ 9 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 4.17 ശതമാനത്തിൽ എത്തിയിരുന്നത് അടുത്ത സാമ്പത്തികനയ അവലോകനത്തിൽ പലിശനിരക്ക് ഉയർത്താതിരിക്കാൻ റിസർവ് ബാങ്കിന് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ.

അവസാനത്തെ രണ്ടു അവലോകനങ്ങൾ പ്രകാരം റിസർവ് ബാങ്ക്, റിപ്പോ റേറ്റ് 0.25 ശതമാനം ആയി ഉയർത്തിയതും നാണയപ്പെരുപ്പസംബന്ധിയായ കാര്യങ്ങൾ കണക്കിലെടുത്താണ്. അടുത്ത ദ്വൈമാസ പോളിസി ഒക്ടോബർ 5 ന് പ്രഖ്യാപിക്കും.

ഓഹരിവിപണിയുടെ നേട്ടത്തോടു കൂടിയുള്ള ഓപ്പണിങ്ങും ആഭ്യന്തര കറൻസിയുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്നുണ്ട്, ഇടപാടുകാർ പറയുന്നു.

വികസ്വര രാജ്യങ്ങളടക്കം ഡോളറിന് എതിരെ കറൻസികളുടെ വിനിമയമൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ രൂപ വലിയ നഷ്ടം സംഭവിക്കാതെ പിടിച്ചു നിൽക്കുന്നത് എന്നത് ഇപ്പോഴും ആശ്വാസകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ