മുംബൈ: ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും ഇടിഞ്ഞാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ആദ്യ അഞ്ചു മിനിറ്റിൽ നിക്ഷേപകർക്ക് 4 ലക്ഷം കോടി രൂപയാണ് നഷ്ടമാണുണ്ടായത്.
രാജ്യത്തെ മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിലും കോടികളുടെ നഷ്ടമാണുണ്ടായത്. എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബാരതി എയർടെൽ, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ് തുടങ്ങി മുൻനിര കമ്പനികളുടെയെല്ലാം ഓഹരികളിലെല്ലാം നാലു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. ഏഷ്യൻ ഓഹരി വിപണികളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അമേരിക്കൻ വിപണിയിൽ ഇന്നലെ വലിയ നഷ്ടമുണ്ടായിരുന്നു. ക്രൂഡ് ഓയിൽ വില വർധന അടക്കമുളള പല കാര്യങ്ങളും വിപണിയെ ബാധിക്കുന്നുണ്ട്.
അതിനിടെ, രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളർ വിനിമയത്തിൽ രൂപ 74.45 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഓഹരി വിപണിയിലെ ഇടിവും, എണ്ണവില വർധനയും രൂപയുടെ മൂല്യത്തിലെ ഇടിവിന് കാരണമാകുന്നുണ്ട്.