മുംബൈ: രാജ്യത്ത് രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്. ഇന്ന് രാവിലെ തകർച്ചയോടെയാണ് വിപണിയിൽ വ്യാപാരം തുടങ്ങിയത്. 69.47 ആയിരുന്നു ഡോളറിന് രൂപയുടെ രാവിലത്തെ വിനിമയ മൂല്യം. വെള്ളിയാഴ്ച 68.83 എന്ന നിലയിലായിരുന്നു രൂപ.
ഓഹരി വിപണിയിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 11,474.95 ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 78.95 പോയിന്റ് നഷ്ടത്തോടെ 11,350.55ൽ എത്തി. 37,693.19 ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 280.69 പോയിന്റ് നഷ്ടം നേരിട്ട് 37,588.54 ൽ എത്തി. വേദാന്ത, എസ്ബിഐ, ടാറ്റ മോട്ടോർസ്, ഐഎസിഐസിഐ ബാങ്ക്, ഹിൻഡാൽകോ എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടം നേരിട്ട പ്രധാന ഓഹരികൾ.
എന്നാൽ സമീപകാലത്ത് മികച്ച നിലയിൽ പ്രവർത്തിച്ച വികസ്വര രാജ്യങ്ങളിലെ കറൻസികളിൽ രണ്ടാം സ്ഥാനമാണ് രൂപയ്ക്ക് ഉളളത്. കഴിഞ്ഞ ഒരു മാസക്കാലയളവിലെ ഡോളറിനെതിരായ പ്രവർത്തനമാണ് രൂപയ്ക്ക് ഇപ്പോൾ രണ്ടാം സ്ഥാനം നൽകിയിരിക്കുന്നത്.
തുർക്കിയുടെ കറൻസി ലിറ ഈ മാസം മാത്രം 10 ശതമാനം ഇടിവാണ് ഡോളറിനെതിരായ മൂല്യത്തിൽ രേഖപ്പെടുത്തിയത്. 2018 ൽ മാത്രം 40 ശതമാനം ഇടിവ് സംഭവിച്ചു. വികസ്വര രാജ്യങ്ങളെല്ലാം ഇത്തരത്തിൽ വിനിമയ നിരക്കിൽ ഇടിവ് രേഖപ്പെടുത്തുമ്പോഴാണ് ഇന്ത്യൻ രൂപ വലിയ നഷ്ടം സംഭവിക്കാതെ നിൽക്കുന്നതെന്നാണ് വിലയിരുത്തൽ.