ന്യൂഡൽഹി: ചരിത്രത്തിലെ റെക്കോർഡ് ഇടിവാണ് രൂപയ്ക്ക് ഇപ്പോൾ നേരിട്ടിരിക്കുന്നത്. ഡോളറിന് 70 രൂപയാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയമൂല്യം. 69.91 എന്ന നിലയിൽ ആയിരുന്ന രൂപയുടെ മൂല്യം, ഇടയ്ക്ക് കരുത്തു നേടി 69.68 എന്ന മൂല്യത്തിലേക്ക് ഉയർന്നിരുന്നുവെങ്കിലും അവിടെ നിന്നുമാണ് ഓഹരിവിപണിയിലെ റെക്കോർഡ് ഇടിവിലെത്തിയത്. കുറച്ചുസമയത്തേക്ക് 70 ൽ നിന്നും 70.08 എന്ന മൂല്യത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ മൂല്യം 69.97 ആയി തിരിച്ചുപിടിക്കാൻ ഇന്ത്യൻ രൂപക്ക് കഴിഞ്ഞു എന്നത്​​ ആശ്വാസകരമാണ്.

തിങ്കളാഴ്ച രൂപയുടെ വിനിമയമൂല്യത്തിൽ 1.57 ശതമാനത്തോളം നഷ്ടം സംഭവിച്ച് 69.91 എന്ന മൂല്യത്തിലെത്തിയത് ഏറെ ഭീതിയുണർത്തിയിരുന്നു. തുർക്കി കറൻസിയ്ക്ക് ആഗോള തലത്തിൽ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ഇന്ത്യൻ രൂപയുടെ കാര്യത്തിലും ആശങ്ക ഉയർത്തിയിരുന്നു.

ആഭ്യന്തര ഓഹരവിപണികൾക്ക് പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. റീട്ടെയ്ൽ രംഗത്തെ നാണയപ്പെരുപ്പം, ജൂലൈയിൽ 9 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 4.17 ശതമാനത്തിൽ എത്തിയിരുന്നത് അടുത്ത സാമ്പത്തികനയ അവലോകനത്തിൽ പലിശനിരക്ക് ഉയർത്താതിരിക്കാൻ റിസർവ് ബാങ്കിന് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ.

അവസാനത്തെ രണ്ടു അവലോകനങ്ങൾ പ്രകാരം റിസർവ് ബാങ്ക്, റിപ്പോ റേറ്റ് 0.25 ശതമാനം ആയി ഉയർത്തിയതും നാണയപ്പെരുപ്പസംബന്ധിയായ കാര്യങ്ങൾ കണക്കിലെടുത്താണ്. അടുത്ത ദ്വൈമാസ പോളിസി ഒക്ടോബർ 5 ന് പ്രഖ്യാപിക്കും.

ഓഹരിവിപണിയുടെ നേട്ടത്തോടു കൂടിയുള്ള ഓപ്പണിങ്ങും ആഭ്യന്തര കറൻസിയുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്നുണ്ട്, ഇടപാടുകാർ പറയുന്നു.

വികസ്വര രാജ്യങ്ങളടക്കം ഡോളറിന് എതിരെ കറൻസികളുടെ വിനിമയമൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ രൂപ വലിയ നഷ്ടം സംഭവിക്കാതെ പിടിച്ചു നിൽക്കുന്നത് എന്നത് ഇപ്പോഴും ആശ്വാസകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ