/indian-express-malayalam/media/media_files/uploads/2023/04/NCP-leader-Ajit-Pawar-in-Mumbai.-Ganesh-Shirsekar.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ ഹ്രസ്വകാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുതിര്‍ന്ന എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. എന്‍സിപിയുടെ വിശ്വസ്തരായ ഒരു കൂട്ടം എംഎല്‍എമാര്‍ക്കൊപ്പം അദ്ദേഹം ബിജെപി-ശിവസേന സര്‍ക്കാരില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അജിത് പവാറും എന്‍സിപി മേധാവി ശരദ് പവാറും പരസ്യമായി രംഗത്തെത്തിയത്.
എന്‍സിപിയില്‍ പിളര്‍പ്പുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെ ശരദ് പവാര്‍, പാര്‍ട്ടി എംപി സുപ്രിയ സുലെ, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് എന്നിവരുള്‍പ്പെടെ പ്രതിപക്ഷ എംവിഎ സഖ്യത്തിന്റെ പ്രധാന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിയമസഭാ പ്രതിപക്ഷ നേതാവായ അജിത് പവാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ശരദ് പവാര്‍ പിന്നീട് പാര്‍ട്ടിയിലെ ഭിന്നതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞെങ്കിലും നിരവധി എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനെ കാണാന്‍ മുംബൈയിലെ വിധാന്‍ ഭവനില്‍ എത്തി. അജിത് പവാറിന്റെ ഏത് തീരുമാനവും തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരായ ചില എംഎല്‍എമാര്‍ പറഞ്ഞു, ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് അജിത് പവാര്‍ പരസ്യമായി രംഗത്തെത്തിയത്.
അജിത് പവാറും അദ്ദേഹത്തിന്റെ ഭാര്യയും ഓഹരി ഉടമയായ ജരന്ദേശ്വര് ഷുഗര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കൂറുമാറ്റത്തിന് സാധ്യതയുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത്.
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 16 ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി മേയ് മാസത്തില്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍ സജീവമാക്കിയ മറ്റൊരു ഘടകം. എംഎല്‍എമാര്‍ക്കെതിരായ ഒരു പ്രതികൂല തീരുമാനം ബിജെപി-സേന സര്‍ക്കാരിന് അധിക പിന്തുണ ആവശ്യമായി വന്നേക്കാവുന്ന ഒരു സാഹചര്യത്തിലേക്ക് നയിച്ചേക്കാം, അവിടെയാണ് അജിത് പവാറും അദ്ദേഹത്തിന്റെ വിശ്വസ്ത എംഎല്‍എമാരുടെ നീക്കം നിര്‍ണായകമാകുന്നത്.
അജിത് പവാറിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളില്‍ സത്യമില്ലെന്ന് ശരദ് പവാറും മകള്‍ സുപ്രിയ സുലെയും പ്രതികരിച്ചിരുന്നു. ''അതില്‍ സത്യമില്ല, മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ എന്‍സിപി അജണ്ടയുടെ ഭാഗമല്ല. എല്ലാ പാര്‍ട്ടി നേതാക്കളും എന്‍സിപിയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അജിത് പവാര്‍ ഒരു യോഗവും വിളിച്ചിട്ടില്ല,'' ശരദ് പവാര്‍ പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിന്നീട്, അജിത് പവാറും ബിജെപി-സേന സര്‍ക്കാരില്‍ ചേരാന്‍ പോകുന്നുവെന്ന ഊഹാപോഹങ്ങള്‍ തള്ളിയിരുന്നു. അവസാന ശ്വാസം വരെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും വ്യക്തമാക്കി.
ഒരു കാരണവുമില്ലാതെ എന്നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് അടിസ്ഥാന രഹിതമാണ്, എന്നെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സത്യമില്ല. എന്നെയും എന്റെ സഹപ്രവര്‍ത്തകരെയും കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ല. ഇത് ചിലര്‍ മനഃപൂര്‍വം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എംഎല്‍എമാര്‍ എന്‍സിപിയില്‍ തുടരുമെന്നും ശരദ് പവാര്‍ സാഹിബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us