വില വർധനവ് 150 രൂപ കടക്കുമെന്ന പ്രതീക്ഷയിൽ കർഷകർ, വില സ്ഥിരതാ പദ്ധതി അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിൽ സർക്കാർ

റബർ വിലയിൽ വന്ന വർധനവ് കർഷകർക്കു മാത്രമല്ല, സർക്കാരിനും ആശ്വാസമാകുന്നു. കഴിഞ്ഞ കുറച്ചു കാലമായി നേരിട്ടിരുന്ന വിലയിടിവിൽ നിന്നും കരകയറി തുടങ്ങുന്ന കാഴ്ചയാണ് റബർ വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. 90 രൂപവരെ താഴ്ന്ന റബർ വില കർഷകരെ കടുത്ത പ്രതിസന്ധിയിലേയ്ക്കു നയിച്ചിരുന്നു. ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന വിലയിടാണ് ഇപ്പോൾ മാറി തുടങ്ങുന്നത്.

കഴിഞ്ഞവർഷം ആദ്യമാസങ്ങളിൽ നൂറുരൂപയിൽ താഴെയായിരുന്ന വില കഴിഞ്ഞ ദിവസങ്ങളിൽ 140 രൂപ കടന്നിരുന്നു. ഇന്നലെ 149 രൂപ വരെ വില വന്നു. വരും ദിവസങ്ങളിൽ ഇത് 150 കടക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും സർക്കാരും. റബർ ഷീറ്റിന് വിലകുറഞ്ഞതോടെ ഉത്പാദനത്തിൽ നിന്നും പിന്മാറിയ കർഷകർ വീണ്ടും ഷീറ്റ് ഉത്പാദനം ആരംഭിച്ചു. ടാപ്പിങ് കൂലി കൊടുക്കാൻ പോലും കഴിയാതെ വില കുറഞ്ഞ സാഹചര്യത്തിൽ പലരും ടാപ്പിങ് നിർത്തിയ അവസ്ഥയുണ്ടായി. ഇതിന് പുറമെ റബറിനെ ബാധിച്ച പിങ്ക് രോഗം ഉൽപാദനം വീണ്ടും കുറയുന്നതിന് കാരണമാക്കി. വില കൂടിയെങ്കിലും റബർ പാൽ ഉൽപാദനം കുറയുന്നുവെന്നത് പുതിയ പ്രതിസന്ധിയാണ്. ഇലപൊഴിച്ചിലാണ് ഇപ്പോൾ ഉൽപാദനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

വില ഉയർന്നതോടെ റബർ വിലസ്ഥിരതാ പദ്ധതി അവസാനിപ്പിക്കാൻ സർക്കാരിന് വഴിയൊരുങ്ങുന്നു. കനത്ത വിലിയിടിവിന് പരിഹാരമായി റബർ കർഷകരെ സഹായിക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഈ സർക്കാർ തുടർന്നു പോരുന്നതുമായിരുന്നു ഈ പദ്ധതി. കർഷകർക്ക് 150 രൂപ ലഭ്യമാക്കാനുള്ള നടപടിയായിരുന്നു അത്. റബർ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്ത് വ്യത്യാസമുള്ള തുക നൽകുന്നതായിരുന്നു ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന ഖജനാവിന് ഇത് താങ്ങാനുള്ള ശേഷി ഇല്ലാതിരിക്കെയാണ് റബറിന് വില കയറുന്നത്. ബജറ്റിൽ തുക വകയിരുത്തിയെങ്കിലും ഓഗസ്റ്റ് വരെയുള്ള തുകയ്ക്കാണ് ഇപ്പോൾ അനുമതി ലഭിച്ചത്. എന്നാൽ നോട്ട് അസാധുവാക്കൽ ഈ പദ്ധതിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഇപ്പോൾ വില വർധിച്ചതോടെ വിലസ്ഥിരതാ പദ്ധതിയിൽ നിന്നും പിന്മാറാനാകും എന്നത് നിലവിലത്തെ സാമ്പത്തിക സ്ഥിതിയിൽ ആശ്വാസമായി മാറും എന്ന പ്രതീക്ഷയിലാണ് സർക്കാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook