മൊറേന: വിവരാവകാശ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. മുകേഷ് ധൂബി എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. വിക്രം നഗർ കോളനിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തെ വധിച്ച ശേഷം മൃതദേഹം മട്കോര വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹത്തിലെ മുറിവുകളിൽ നിന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായതായാണ് പൊലീസ് പറയുന്നത്. ജീപ്പിലെത്തിയ സംഘം ഇദ്ദേഹത്തെ വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

സമുവാലി പഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഇദ്ദേഹം വിവരാവകാശ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്.

അതേസമയം തനിക്ക് വദിഭീഷണിയുള്ളതായി മുകേഷ് പൊലീസിനെ അറിയിച്ചിരുന്നതായി ഇദ്ദേഹത്തിന്റെ സഹോദരൻ പൊലീസിനോട് പറഞ്ഞു. അതേസമയം ഈ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭോപ്പാലിൽ നിരവധി എൻജിഒ കൾ രംഗത്ത് എത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ