ന്യൂഡല്‍ഹി:ജനുവരി ഒന്ന് മുതല്‍ ചൈനയടക്കം ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ പരിശോധനാ ഫലങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞു. ചൈനയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
മുന്‍ തരംഗങ്ങളുടെ സ്വഭാവം അനുസരിച്ച് ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവുണ്ടായേക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതെങ്കിലും തരംഗം ഏകദേശം 10 ദിവസത്തിനുള്ളില്‍ യൂറോപ്പിലും, മറ്റൊരു 10 ദിവസത്തിനുള്ളില്‍ അമേരിക്കയിലും, മറ്റൊരു 10 ദിവസത്തിനുള്ളില്‍ പസഫിക് ദ്വീപ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഞങ്ങള്‍ മുമ്പത്തെ മൂന്ന് തരംഗങ്ങളില്‍ കണ്ടു. 30 മുതല്‍ 35 ദിവസങ്ങള്‍ക്കുള്ളില്‍ ഈ തരംഗം ഇന്ത്യയിലെത്തും. അതിനാല്‍, ജനുവരി മാസത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് നിര്‍ണായകമാണ്, ”ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് -19 കേസുകള്‍ ഇപ്പോഴും കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 188 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു – കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ആഗോള വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും. ഡിസംബര്‍ 24 മുതല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ റാന്‍ഡം സാമ്പിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏകദേശം 6,000 യാത്രക്കാരെ പരിേശാധിച്ചപ്പോള്‍ 39 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.