ന്യൂ ഡല്‍ഹി : കണ്ണൂരില്‍  ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍  കേന്ദ്രസര്‍ക്കാറിന്‍റെ  ശ്രദ്ധയിലുണ്ട് എന്ന് കേന്ദ്രമന്ത്രി ജെപി നഡ. തിങ്കളാഴ്ച്ച കണ്ണൂരിലെ പയ്യന്നൂരില്‍ ബിജു എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടതില്‍  ഖേദം അറിയിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. കേരളം ഭരിക്കുന്ന സിപിഎമ്മിനോ ഇടതുപക്ഷ സര്‍ക്കാറിനോ കണ്ണൂരില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ യാതൊരു താത്പര്യവുമില്ല എന്ന് പറഞ്ഞ കേന്ദ്രമന്ത്രി. ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഇടതുപക്ഷ സര്‍ക്കാരിനാണ് എന്നും ആരോപിച്ചു.

“ആര്‍ എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അരങ്ങേറുന്ന അക്രമസംഭവങ്ങളേയും അതിനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നടപടികളേയും ഞങ്ങള്‍ അപലപ്പിക്കുന്നു.” മന്ത്രി പറഞ്ഞു.

ജനുവരിയില്‍ സര്‍വ്വകക്ഷി സമാധാന യോഗം നടതിനു ശേഷം അരങ്ങേറിയ ആദ്യ രാഷ്ട്രീയ കൊലപാതകമാണ് ബൈജുവിന്‍റെത്. നിലവില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടിയും ‘ആശയപരമായി പരാജയപ്പെട്ടു’ എന്നതിനാലാണ് ആയുധമെടുക്കുന്നത് എന്ന് കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

തിരുവനന്തപുരം ശ്രീ ചിത്തിരതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സൈന്‍സ് ആന്റ് ടെക്നോളജിയിലെ ബിരുദദാനസമ്മേളനത്തിനു വന്നതായിരുന്നു കേന്ദ്രമന്ത്രി.

ക്രമസമാധാനം എന്നത് സംസ്ഥാനത്തിന്‍റെ വിഷയമാണ് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി “സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കേണ്ട ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് കേന്ദ്രം നിരീക്ഷിക്കുന്നു” എന്നും പറഞ്ഞു.

” ക്രമസമാധാനം പാലിക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ്.. സംഭവത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം” നഡ പറഞ്ഞു.

കണ്ണൂരില്‍ അഫ്സ്പ പ്രാബല്യത്തില്‍ വരുത്തണം എന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യത്തെകുറിച്ച് ആരാഞ്ഞപ്പോള്‍ അത് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ