മാതാപിതാക്കൾക്കായി മൂന്ന് മാസം നീണ്ടുനിൽക്കുന്ന ശുദ്ധീകരണ പ്രക്രിയക്ക് ശേഷം ഗ്രഹനില നോക്കി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഉത്തമ സന്താനത്തെ ഉണ്ടാക്കുന്നതിനുള്ള പദ്ധതിയുമായി ആർഎസ്എസിന്റെ ഭാഗമായ ആരോഗ്യ ഭാരതി.  എല്ലാ തരത്തിലും ഉത്തമ സന്താനം ലഭിക്കുന്നതിന് വേണ്ടിയുള്ള ഈ പദ്ധതി, “ഏറ്റവും ആവശ്യമായ ഒന്നാണ്” എന്നാണ് ആരോഗ്യ ഭാരതിയുടെ ഭാരവവാഹികൾ പറഞ്ഞത്. ഗർഭ വിജ്ഞാൻ സംസ്കാര പദ്ധതി എന്നാണ് പരിപാിടിക്ക് പേരിട്ടിരിക്കുന്നത്.

സൺഡേ എക്‌സ്‌പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ആരോഗ്യ ഭാരതിയുടെ ഭാരവാഹികൾ, ഈ പദ്ധതി ഗുജറാത്തിൽ ഒരു ദശാബ്ദം മുൻപ് ആരംഭിച്ചതാണെന്ന് വ്യക്തമാക്കി. ദേശീയ തലത്തിലേക്ക് ഇത് വ്യാപിപ്പിച്ചത് 2015 ലാണ്.

സംഘപരിവാർ സംഘടനയായ വിദ്യാഭാരതിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് ഗുജറാത്തിലും മദ്ധ്യപ്രദേശിലുമായി പത്ത് യൂണിറ്റുകളാണ് ഉള്ളത്. ഉത്തർപ്രദേശിലും വെസ്റ്റ് ബംഗാളിലും പുതിയ യൂണിറ്റുകൾ തുടങ്ങാനാണ് ആരോഗ്യ ഭാരതിയുടെ പദ്ധതി.

“ഞങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തമ സന്താനങ്ങളിലൂടെ ശക്തമായ ഭാരതം കെട്ടിപ്പടുക്കുകയാണ്. 2020 ഓടെ ആയിരക്കണക്കിന് ഉത്തമ സന്താനങ്ങൾക്കാണ് ലക്ഷ്യം” എന്ന് ഈ പദ്ധതിയുടെ ദേശീയ കൺവീനറായ ഡോ. കരിഷ്മ മോഹൻദാസ് നർവാണി പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആയുർവേദ പരിചരണത്തിലൂടെ ഇങ്ങിനെ കുട്ടികളെ ഉണ്ടാക്കിയ ജർമ്മനിയുടെ മാർഗം പിന്തുടർന്നാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. “കുറവ് ബുദ്ധിക്ഷമതയും, വിദ്യാഭ്യാസ യോഗ്യതയും മാത്രമുള്ള മാതാപിതാക്കൾ ആയിരിക്കുമെങ്കിലും ഇങ്ങിനെ ജനിക്കുന്ന കുട്ടികൾ അതീവ ബുദ്ധിശാലികളായിരിക്കും. കറുത്ത നിറമുള്ളതും നീളം കുറവുള്ളതുമായ മാതാപിതാക്കൾക്ക് നല്ല നിറവും ഉയരവുമുള്ള കുട്ടികൾ ജനിക്കും” ആരോഗ്യ ഭാരതിയുടെ ദേശീയ കൺവീനറായ ഡോ. ഹിതേഷ് ജാനി പറഞ്ഞു.

ഹിന്ദു ശാസ്ത്രങ്ങളിൽ ഉത്തമ സന്താനത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജാംനഗറിലെ ഗുജറാത്ത് ആയുർവേദ സർവ്വകലാശാല പഞ്ചകർമ വിഭാഗം തലവനും, മുതിർന്ന ആർഎസ്എസ് സ്വയംസേവകനുമായ ജാനി പറഞ്ഞു. ഇതിനോടകം 450 ഉത്തമ സന്താനങ്ങൾ പിറവിയെടുത്തതായാണ് ഇവർ അവകാശപ്പെടുന്നത്. 2020 ഓടെ എല്ലാ സംസ്ഥാനങ്ങളിലും ഗർഭ വിജ്ഞാൻ അനുസന്ധൻ കേന്ദ്രം എന്ന പേരിൽ ഇതിനായുള്ള കേന്ദ്രം തുടങ്ങാനും ഇവർക്ക് പദ്ധതികളുണ്ട്.

ആരോഗ്യ ഭാരതിയുടെ നേതൃത്വത്തിൽ  ഗർഭ  വിജ്ഞാൻ സംസ്കാറിനെ കുറിച്ച് ഡൽഹി, മുംബൈ, ഉഡുപ്പി, കാസർകോട്, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിച്ചു. അടുത്ത ബോധവത്കരണ പരിപാടികൾ, കൊൽക്കത്ത, റോട്ടക്, ഗുരുദ്വാര എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നതെന്ന് നർവാണി പറഞ്ഞു.

ആയുർവേദത്തിലധിഷ്ഠിതമായ പദ്ധതിയാണിതെന്നും ഇത് സ്വാഭാവിക പ്രക്രിയയിലേക്കുള്ള കടന്നുകടറ്റമല്ലെന്നും നർവാണി പറഞ്ഞു. “ശാരീരികവും മാനസികവുമായി നല്ല ഗുണങ്ങളുള്ള കുഞ്ഞുങ്ങളെ എങ്ങിനെ ലഭിക്കുമെന്നതിനെ കുറിച്ച് ആയുർവേദം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗർഭ കാലത്തെ ആദ്യ ആറ് മാസത്തിലാണ് ബുദ്ധിവളർച്ചയുണ്ടാകുന്നത്. എന്ത് കഴിക്കണം, എന്ത് വായിക്കണം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചാൽ ഉയർന്ന ബുദ്ധിവളർച്ച സാധ്യമാകും.

ഈ പ്രക്രിയയിലൂടെ ജീനുകളുമായി ബന്ധപ്പെട്ട എല്ലാ തകരാറുകളും പരിഹരിക്കപ്പെടുമെന്നും ജനിതക രോഗങ്ങൾ കുട്ടികൾക്ക് ഉണ്ടാകില്ലെന്നും ഇവർ അവകാശപ്പെടുന്നു.

ഭോപ്പാലിലെ അടൽ ബിഹാരി വാജ്പേയി ഹിന്ദി സർവ്വകലാശാല, ഗാന്ധിനഗറിലെ കുട്ടികളുടെ സർവ്വകലാശാല എന്നിവയും ഈ ഗർഭ വിജ്ഞാൻ സംസ്കാറിന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് ആരോഗ്യ ഭാരതിയുടെ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അശോക് കുമാർ വാർഷ്‌ണി പറഞ്ഞു.

മുതിർന്ന ആർഎസ്എസ് പ്രചാരകിലൊരാൾക്ക് 40 വർഷം മുൻപ് ജർമനിയിൽ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് വാർഷ്‌ണി വ്യക്തമാക്കി. മഹാഭാരതത്തിൽ അഭിമന്യുവിന്റെ ജനനം അടിസ്ഥാനമാക്കിയാണ് ജർമ്മനിയിൽ ഈ രീതി അവലംബിച്ചത്. ഇക്കാര്യം ജർമ്മനിയുടെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയാണ് ആർഎസ്എസ് പ്രചാരകനോട് പങ്കുവച്ചത്.

ഗർഭധാരണത്തിന് വേണ്ടി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ശാസ്ത്രങ്ങൾ പ്രത്യേക സമയം പറയുന്നുണ്ട്. ഗ്രഹനില കൂടി പരിഗണിച്ച് ഡോക്ടർമാരാണ് ലൈംഗിക ബന്ധത്തിനുള്ള സമയം നിർദ്ദേശിക്കുക.

ഗർഭ ധാരണ സമയത്ത് മാതാവ് ശ്ലോകങ്ങളും മന്ത്രങ്ങളും ഉരുവിടണം. അത് കുഞ്ഞിന്റെ ബുദ്ധിവികാസത്തെ പരിപോഷിപ്പിക്കും. ഈ പ്രക്രിയയിൽ പ്രസവ വേദനയുണ്ടാകില്ലെന്നും കുഞ്ഞിന് സാധാരണ കുട്ടികളേക്കാൾ 300 ഗ്രാം അധികം തൂക്കം ഉണ്ടാകുമെന്നുമാണ് ഇവരുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ