ന്യൂഡല്‍ഹി: അയോധ്യ കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പ്രതികരണവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്). അയോധ്യ കേസ് ഓഗസ്റ്റ് ആറ് മുതല്‍ കേള്‍ക്കാമെന്ന സുപ്രീം കോടതി തീരുമാനം ആര്‍‌എസ്‌എസ് സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി നീണ്ടുപോകുന്ന കേസ് ഇനിയും കാലതാമസം വരാതെ ഒത്തുതീര്‍പ്പാകുമെന്നും രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷയുള്ളതായി ആര്‍‌എസ്‌എസ് പറഞ്ഞു. ഇതോടെ അയോധ്യ കേസ് വീണ്ടും രാജ്യത്ത് ചൂടേറിയ ചര്‍ച്ചാ വിഷയമാകുകയാണ്.

മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയോധ്യ കേസില്‍ ഓഗസ്റ്റ് ആറ് മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഇന്നാണ് തീരുമാനിച്ചത്. മൂന്നംഗ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ മധ്യസ്ഥതയില്‍ എത്താത്തതിനെ തുടര്‍ന്നാണ് കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ദിവസേന എന്ന രീതിയിലായിരിക്കും ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുക. അഞ്ചംഗ ബഞ്ചാണ് തീരുമാനത്തിലെത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ്എ ബോബ്‌ഡെ, അശോക് ഭൂഷന്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. ഇന്നലെയായിരുന്നു പാനല്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Read Also: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ

വിഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്ര വച്ച കവറിലാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 സെപ്റ്റംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായുള്ള അപ്പീലുകള്‍ സുപ്രീം കോടതി പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.

മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യ കേസ് ഭൂമിതര്‍ക്കം മാത്രമായാണ് കാണുന്നതെന്നും സുപ്രീം കോടതി നേരത്തെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook