കൊല്‍ക്കത്ത : ബംഗാളില്‍ യുവാക്കളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ ആര്‍എസ്എസിന്‍റെ കായിക സംഘടനയായ ക്രീഡാ ഭാരതി സ്കൂള്‍ തല ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരത്തിലെ മികച്ച കളിക്കാര്‍ക്ക് ഒക്ടോബര്‍ ആറിനു ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ പതിനേഴ് ലോകകപ്പിനുള്ള ടികറ്റുകളും നല്‍കും.

ചിക്കാഗോയില്‍ നടന്ന ലോക മതപാര്‍ലമെന്‍ററിനെ സ്വാമി വിവേകാനന്ദന്‍ അഭിസംബോധന ചെയ്തതിന്‍റെ 125ആമത് വാര്‍ഷികവും ഇന്ത്യയില്‍ അരങ്ങേറുന്ന ഫിഫാ ലോകകപ്പും കണക്കിലെടുത്താണ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ പറയുന്നു. ക്രീഡാ ഭാരതിയും കായിക സംഘടനയായ ‘ഏകലവ്യ’യും ചേര്‍ന്നു സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇരുപത്തിനാലു വരെയാവും നടക്കുക.

കേന്ദ്ര കായിക മന്ത്രി വിജയ്‌ ഗോയല്‍, ക്രീഡാ ഭാരതി ദേശീയ മുഖ്യനും ഉത്തര്‍പ്രദേശ് കായികമന്ത്രിയുമായ ചേതന്‍ ചൌഹാന്‍, പശ്ചിമ ബംഗാള്‍ കായികമന്ത്രി അരൂര്‍ ബിശ്വാസ് എന്നിവരെ ഫൈനല്‍ മത്സരങ്ങള്‍ക്കായി ക്ഷണിച്ചതായി സംഘാടകര്‍ പറയുന്നു.

കൊല്‍ക്കത്തയിലെയും മറ്റു ജില്ലകളിലേയും സ്കൂള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും എന്നാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ എഫ് സി, മോഹന്‍ ബഗാന്‍ എഫ് സി തുടങ്ങിയ പ്രമുഖ പ്രഫഷണല്‍ ക്ലബ്ബുകളുടെ മൈതാനത്താവും കോല്‍ക്കത്ത കപ്പ്‌ എന്ന് പേരിട്ട ടൂര്‍ണമെന്റ് അരങ്ങേറുക. ഈസ്റ്റ് ബംഗാളിന്‍റെ മൈതാനത്തിലാവും ഫൈനല്‍ മത്സരം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ