ഗോമാതാവിനു വേണ്ടി പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ്. ആധാര്‍ കാര്‍ഡിനും ആംബുലന്‍സിനും ശേഷം അടുത്ത ആവശ്യം ഗോമാതാവിനെ ആരാധിക്കാനായി തീര്‍ത്ഥാടന കേന്ദ്രം എന്നതാണ്. ഹരിദ്വാറിലെ കാരാട്ട്പൂര്‍ മേഖലയില്‍ ഒരു പശു തീര്‍ത്ഥാടന കേന്ദ്രം ഒരുക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

1918ല്‍ പശുവിനെ കൊല്ലുന്നതുമായി ബന്ധപ്പെട്ട നടന്ന അക്രമസംഭവങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ട സ്ഥലമാണ് ഇത്. ഇതിന് വേണ്ടി ആര്‍എസ്എസിന്റെ പ്രതിനിധി സംഘം ഉത്തരാകണ്ഡ് മുഖ്യമന്ത്രിയെ കണ്ടു കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍എസ്എസ് സോണല് സെക്രട്ടറി ദിനേഷ് സെംവാള്‍, ജനറല്‍ സെക്രട്ടറി ദത്താചാര്യ ഹോസാബേള്‍, ഗോപാല് കിഷന്‍, ബിജെപി ജനറല് സെക്രട്ടറി രാം ലാല്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ കണ്ടത്. ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനെയും ഇവര്‍ കണ്ടു.

നിലവില്‍ കാരാട്ട്പൂരില്‍ ഒരു പശു സ്മാരകം ഉണ്ട്. 1918ലെ ആക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സ്മരാണാര്‍ത്ഥമാണ് സ്മാരകം. എല്ലാ വര്‍ഷവും ഇവിടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 1918ല്‍ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ സമര പോരാളികളായി പരിഗണിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശം തങ്ങള്‍ക്ക് പരിപാവനമാണെന്നാണ് ആര്‍എസ്എസിന്റെ വാദം.

ആര്‍എസ്എസ് നിര്‍ദേശം നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖാ ആര്യ പ്രതികരിച്ചത്. തീര്‍ത്ഥാടന പ്രദേശമായി കാരാട്ട്പൂരിനെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ബിജെപി എംഎല്‍എ സ്വാമി യതീഷ്വരാനാന്ദും മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ