scorecardresearch

ജാതി പ്രശ്നത്തെ നേരിടാൻ, ‘ഹിന്ദു ഐക്യം’ മുന്നോട്ട് വെക്കാൻ ആർഎസ്എസ്

ജാതി സെൻസസ് എന്ന ആവശ്യത്തെ മറികടക്കാൻ , 'ഹിന്ദു ഐക്യം' വളർത്തിയെടുക്കാൻ ആർ എസ് എസ് .ജാതി വിവേചനത്തിനും തൊട്ടുകൂടായ്മയ്‌ക്കുമെതിരായ അവബോധം സൃഷ്ടിക്കാൻ ആർ എസ് എസ് പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നു

ജാതി സെൻസസ് എന്ന ആവശ്യത്തെ മറികടക്കാൻ , 'ഹിന്ദു ഐക്യം' വളർത്തിയെടുക്കാൻ ആർ എസ് എസ് .ജാതി വിവേചനത്തിനും തൊട്ടുകൂടായ്മയ്‌ക്കുമെതിരായ അവബോധം സൃഷ്ടിക്കാൻ ആർ എസ് എസ് പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നു

author-image
Deeptiman Tiwary
New Update
RSS | pracharak

ജാതി വിവേചനത്തിനും തൊട്ടുകൂടായ്മയ്‌ക്കുമെതിരായ ബോധവൽക്കരണത്തിനായി ആർഎസ്‌എസ് പ്രവർത്തകർ ഗ്രാമങ്ങളിലെ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും എത്തും

അഞ്ച് സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസ് പ്രധാന വിഷയമാക്കുന്ന പശ്ചാത്തലത്തിൽ,  അതിനെ മറികടക്കാൻ ആർഎസ്എസ് "സാമാജിക് സംരസ്ത" (സാമൂഹിക സൗഹാർദ്ദം) പദ്ധതിയുമായി രംഗത്ത് വരുന്നു, ഈ പദ്ധതിയുടെ കീഴിൽ "ഹിന്ദു ഐക്യത്തിന്റെ" ആവേശം വളർത്തിയെടുക്കാൻ ആർ എസ് എസ് പ്രവർത്തകർ ഗ്രാമതലത്തിലേക്കിറങ്ങുന്നു.

Advertisment

ഈ പദ്ധതിയുടെ ഭാഗമായി, ജാതി വിവേചനത്തിനും തൊട്ടുകൂടായ്മയ്‌ക്കുമെതിരായ ബോധവൽക്കരണത്തിനായി ആർഎസ്‌എസ് പ്രവർത്തകർ ഗ്രാമങ്ങളിലെ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും എത്തിച്ചേരും.

ഗുജറാത്തിലെ ഭുജിൽ നടന്ന ആർ എസ് എസ്സിന്റെ ദ്വിദിന അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിൽ (അഖിലേന്ത്യാ നിർവാഹക സമിതി യോഗം) ഇക്കാര്യം ചർച്ച ചെയ്തതായി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആർഎസ്എസ് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ, അതിന്റെ 45 പ്രാന്തങ്ങളുടെയും (പ്രദേശങ്ങളുടെയും) മറ്റ് അനുബന്ധ സംഘടനകളുടെയും പ്രതിനിധികൾ കൂടാതെ എല്ലാ ഉന്നത ആർഎസ്എസ് നേതാക്കളും പങ്കെടുത്തു.

“സംഘത്തിന്റെ ( ആർ എസ് എസ്) ശതാബ്ദി ആഘോഷങ്ങൾ കണക്കിലെടുത്ത് പൂർത്തിയാക്കേണ്ട അഞ്ച് ഇന പരിപാടികളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ഇതിൽ സമാജിക് സംരസ്ത( (സാമൂഹിക സൗഹാർദ്ദം) ഉൾപ്പെടുന്നു, അതായത് തൊട്ടുകൂടായ്മയും ജാതി വിവേചനവും ഇല്ലാതാക്കുക. നാമെല്ലാവരും ഒരുമിച്ചാണ് ഒരു സമൂഹം... ജനനത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം തുടച്ചുനീക്കപ്പെടണം എന്ന സന്ദേശം നാം ഏറ്റെടുക്കണം,” ആർഎസ്എസ് യോഗത്തിന്റെ സമാപന ദിനത്തിൽ ഹൊസബലെ മാധ്യമങ്ങളോട് പറഞ്ഞു. .

Advertisment

പൊതുവെ ആളുകളുമായി ഇടപഴകുന്നതിനു പുറമേ, "ഞങ്ങൾ അവരുടെ സ്വന്തം മേഖലയിൽ എങ്ങനെ സമാജിക് സംരസ്തയിൽ (സാമൂഹിക സൗഹാർദ്ദം)  പ്രവർത്തിക്കാം എന്ന് അവരുമായി ചർച്ച ചെയ്യാൻ ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും മറ്റ് സാമൂഹിക സ്ഥാപനങ്ങളിലും പോകുന്നു" എന്ന് ഹൊസബലെ പറഞ്ഞു.

പ്രത്യേക കിണറുകളുടെയും ശ്മശാനങ്ങളുടെയും കാര്യത്തിൽ ജാതി വിവേചനത്തിന്റെ വ്യാപനവും ദലിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണവും കണ്ടെത്താൻ കഴിഞ്ഞ ഒരു വർഷത്തിനിടെ 13,000 ഗ്രാമങ്ങളിലെ കേസുകൾ പഠിച്ചതായി ആർഎസ്എസ് വൃത്തങ്ങൾ അവകാശപ്പെട്ടു.

സാമൂഹിക സൗഹാർദ്ദ പദ്ധതിയുടെ ചുമതല ആർ എസ് എസ് ശാഖകൾക്ക് കൈമാറിയതായി സംഘടനാ വൃത്തങ്ങൾ അറിയിച്ചു. ആർ‌എസ്‌എസിന്റെ കണക്കനുസരിച്ച്, 37 ലക്ഷം പേർ സ്ഥിരമായി ആർ എസ് എസ് ശാഖകളിൽ  പങ്കെടുക്കുന്നു. 95,528 ശാഖകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

ഈ വർഷം മാർച്ചിൽ നടന്ന അതിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ (എബിപിഎസ്) യോഗത്തിൽ, "സ്വ" (ദേശീയ സ്വത്വം) എന്ന ആശയം പ്രോത്സാഹിപ്പിക്കുന്ന പ്രമേയം അംഗീകരിച്ചു, ഇന്ത്യയുടെ "ശരിയായ ആഖ്യാനം" രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഹിന്ദു സമൂഹത്തിലെ പാളിച്ചകളും പിഴവകളും പരിഹരിക്കാൻ ഊന്നൽ നൽകുകയും ചെയ്യാൻ യോഗം തീരുമാനിച്ചു. .

"ജാതി പരിധിക്ക് മുകളിൽ ഉയർന്ന നരേന്ദ്ര മോദിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്നത്  വ്യക്തമാണെങ്കിലും, ഹിന്ദു സമൂഹത്തെ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക എന്നതാണ് അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള ഏക മാർഗമെന്ന് കരുതുന്ന ശക്തികളുണ്ട്. അതിനാൽ, കൂടുതൽ ഊർജ്ജസ്വലതയോടെ ഒരു ദേശീയ സ്വത്വബോധം സൃഷ്ടിക്കുന്നതിനായി ആർഎസ്എസ് അതിന്റെ അടിത്തട്ടിലുള്ള പ്രവർത്തനം തുടരേണ്ടത് പ്രധാനമാണ്, ”ഒരു ആർഎസ്എസ് നേതാവ് പറഞ്ഞു.

80-കളുടെ അവസാനത്തിൽ സാമൂഹിക നീതി പാർട്ടികളുടെ ആവിർഭാവം മുതൽ, ഏതാണ്ട് അതേസമയത്താണ്  രാമക്ഷേത്ര പ്രസ്ഥാനം രൂപപ്പെടാൻ തുടങ്ങിയതും. ദേശീയ രാഷ്ട്രീയത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒന്ന് മറ്റൊന്നിനെ മറികടന്നുകൊണ്ടാണ്, മണ്ഡലിന്റെയും കമണ്ഡലിന്റെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള അധികാര മത്സരം നടന്നത്.   

പ്രതിപക്ഷ കേന്ദ്രങ്ങളിൽ  നിന്ന് ദേശീയ തലത്തിൽ  ജാതി സെൻസസ് ഉന്നയിച്ച്  ആവശ്യം ശക്തിപ്പെടുന്ന സാഹചര്യത്തിൽ  ഹിന്ദി ഹൃദയഭൂമിയിൽ ആ പോരാട്ടം (മണ്ഡൽ- കമണ്ഡൽ) വീണ്ടും ആളിക്കത്തിക്കുമെന്ന് ആർ എസ് എസ് ഭയപ്പെടുന്നു, അതിനാൽ ഈ വിഷയത്തിൽ ആർ എസ് എസ്സിന്റെ ശ്രദ്ധ പ്രാധാന്യമർഹിക്കുന്നു.

ആർഎസ്എസിന്റെ 2022-23ലെ വാർഷിക റിപ്പോർട്ടും സാമൂഹികമായി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ആരോപിക്കുന്നു. "ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും എതിരായ ശക്തികൾ പുതിയ ഗൂഢാലോചനകൾ ആസൂത്രണം ചെയ്യുന്നു. വികൃതമായ വിവരണങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നത് അവരുടെ അജണ്ടയായി മാറിയിരിക്കുന്നു. സമൂഹത്തിലെ ഏത് സാഹചര്യവും സംഭവവും ഒരു ഒഴികഴിവായി ഉപയോഗിച്ച് ഭാഷയോ ജാതിയോ ഗ്രൂപ്പോ വിയോജിപ്പിക്കുക, അഗ്നിപഥ് പോലുള്ള ഏതെങ്കിലും സർക്കാർ പദ്ധതിക്കെതിരെ യുവാക്കളെ പ്രേരിപ്പിക്കുക, ഭീകരത, പക, അരാജകത്വം, അക്രമം തുടങ്ങിയ സംഭവങ്ങൾ വിവിധ സ്ഥലങ്ങളിൽ നടന്നു,” റിപ്പോർട്ട് ആരോപിക്കുന്നു.

2000 വർഷത്തെ ജാതി വിവേചനത്തെ നേരിടാൻ 200 വർഷത്തെ സംവരണത്തിന് ആളുകൾ തയ്യാറാകണമെന്ന് സെപ്തംബറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞതിനൊപ്പം, ഈയടുത്ത മാസങ്ങളിൽ, ഉന്നത ആർ എസ് എസ് നേതാക്കൾ ജാതിയുടെ വിഷയം നിരന്തരം ചർച്ച ചെയ്തു. അതിനുശേഷം, തന്റെ മിക്കവാറും എല്ലാ പ്രസംഗങ്ങളിലും ഭഗവത് ഈ വാദം ഉന്നയിക്കുന്നു.

ഇന്ത്യയുടെ കഥ "നാനാത്വത്തിൽ ഏകത്വം" എന്നല്ല, മറിച്ച് "ഏകത്വത്തിന് നാനാത്വമുള്ള" ഒരു രാഷ്ട്രത്തെക്കുറിച്ചാണ്, അതുവഴി "ചോദ്യം ചെയ്യാനാകാത്ത ഹിന്ദു സമൂഹത്തിന്റെ ഐക്യം" എന്ന് അടിവരയിടുന്നു.

സെപ്തംബറിൽ പൂനെയിൽ നടന്ന ആർഎസ്എസ് സമന്വയ ബൈഠക്കിൽ, "സാമൂഹിക സൗഹാർദ്ദം" ("സമാജിക് സമരസ്ത") എന്ന വിഷയത്തിൽ എല്ലാ സംഘ്-അനുബന്ധ സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന വിഷയം ചർച്ച ചെയ്യാനുള്ള അജണ്ടയിൽ പ്രധാനമായിരുന്നു.

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം, രാമക്ഷേത്രം അതിന്റെ ആവിഷ്കാരം'

ഇന്ത്യ ഇതിനകം തന്നെ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അയോധ്യയിലെ രാമക്ഷേത്രം ആ ബോധത്തിന്റെ പ്രകടനമാണെന്നും ഇന്ത്യ എപ്പോൾ ഹിന്ദു രാഷ്ട്രമാകുമെന്ന ചോദ്യത്തിന് മറുപടിയായി ഹൊസബലെ പറഞ്ഞു. “ആർഎസ്എസ് സ്ഥാപകൻ ഡോ ഹെഡ്ഗേവാർ പറഞ്ഞതുപോലെ ഞങ്ങൾ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമാണ്, ഭാവിയിലും ഞങ്ങൾ ഒരു ഹിന്ദു രാഷ്ട്രമായി തുടരും, ഈ ഭൂമിയിലെ ഒരാൾ പോലും ഹിന്ദുവായിരിക്കുന്നിടത്തോളം കാലം അത് ഹിന്ദു രാഷ്ട്രമായി തുടരും. എന്നാൽ ഇത് ഭരണഘടന നിർവചിച്ചിരിക്കുന്ന ഇന്ത്യൻ സ്റ്റേറ്റിന്റെ പശ്ചാത്തലത്തിലല്ലെന്ന് ഹൊസബലെ വ്യക്തമാക്കി. “ഭരണഘടന നിർവചിച്ചിരിക്കുന്നതുപോലെ രാഷ്ട്ര സംവിധാനം വ്യത്യസ്തമാണ്. എന്നാൽ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ ഒരു ഹിന്ദു രാഷ്ട്രമാണ്. ഉദാഹരണത്തിന്, ബ്രിട്ടീഷുകാർ ഇവിടെ ഉണ്ടായിരുന്നപ്പോൾ അത് ബ്രിട്ടീഷ് രാജ് ആയിരുന്നു, പക്ഷേ ഹിന്ദു രാഷ്ട്രമായിരുന്നു, ”അദ്ദേഹം പറഞ്ഞു.

എന്നാൽ, ഹിന്ദു രാഷ്ട്രത്തിന്റെ അസ്തിത്വം മാത്രം പോരാ, അത് നിലവിലുണ്ടെന്ന് തോന്നണമെന്നും ആർഎസ്എസ് നേതാവ് അഭിപ്രായപ്പെട്ടു. “ഉദാഹരണത്തിന്, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ദേശീയ ആത്മാഭിമാനത്തിന്റെ പ്രകടനമാണ്. ഈ (ആശയം) ഈ രാജ്യത്ത് എപ്പോഴും ഉണ്ടായിരുന്നു. സോമനാഥ ക്ഷേത്രം ഇവിടെ പണിയണം, ഡോ രാജേന്ദ്ര പ്രസാദ് ഇവിടെ വന്നു... എന്തിന്? ആ ദേശീയ ആത്മാഭിമാനം ഉണർത്താൻ. ജയ് സോമനാഥ് എന്നത് ദേശീയ മുദ്രാവാക്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിനും സമൂഹത്തിനും സംസ്‌കാരത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാൻ പ്രതിജ്ഞാബദ്ധരായിരിക്കുക എന്ന ആശയമല്ലാതെ മറ്റൊന്നുമല്ല ഹിന്ദുത്വയെന്നും ഹൊസബലെ പറഞ്ഞു. “എല്ലാ മണ്ഡലത്തിലും പൂർണ്ണമായും പ്രതിജ്ഞാബദ്ധരായ അഞ്ച് മുതൽ ആറ് വരെ ആളുകൾ ഉണ്ടായിരിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഹിന്ദു രാഷ്ട്ര ബോധത്തെ ഉണർത്തുക മാത്രമാണ് സംഘ്  ചെയ്യുന്നത്. ഞങ്ങൾക്ക്  ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ ഒരു ഹിന്ദു രാഷ്ട്രമാണ്..”

"ഹിന്ദു" എന്ന ആർഎസ്എസ്സിന്റെ ആശയം എല്ലാവരേയും ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. "ക്ഷേത്രത്തിൽ പോകാത്ത ഹിന്ദുക്കളുണ്ട്. ചിലർ ഒരു പ്രത്യേക ക്ഷേത്രത്തിൽ പോകുന്നു. പിന്നെ ഗുരുദ്വാരകൾ ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലും പോകുന്നവരുണ്ട്. ഞങ്ങളുടെ അഭിപ്രായത്തിൽ, നിങ്ങൾ ക്ഷേത്രം സന്ദർശിച്ചാലും ഇല്ലെങ്കിലും, നിങ്ങൾക്ക് ഹിന്ദുവായി തുടരാം. ഞങ്ങളുടെ ഒരേയൊരു അഭ്യർത്ഥന നിങ്ങൾ ഒരു മതപരമായ സ്ഥലത്തേക്ക് പോകുകയാണെങ്കിൽ, അവിടത്തെ പാരമ്പര്യം പിന്തുടരുക എന്നതാണ്, ”അദ്ദേഹം പറഞ്ഞു.

നിരവധി വിഷയങ്ങൾ ദേശീയ വ്യവഹാരത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ഒരു "ദേശീയ പ്രസ്ഥാനമാണ്" ആർഎസ്എസ് എന്ന് ഹൊസബലെ അവകാശപ്പെട്ടു. “ദേശീയ ആത്മാഭിമാനത്തെയും ദേശീയ സ്വത്വത്തെയും സംബന്ധിച്ച് ഒരു പ്രസ്ഥാനം നടക്കുന്നുണ്ട്. അയോധ്യയിലെ രാമജന്മഭൂമിയിൽ ഒരു മഹത്തായ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഇതാണ് പ്രതിഫലിക്കുന്നത്. ഈ ജോലി പൂർത്തിയാകുന്നു, ജനുവരി 22 (2024) ന് പ്രാൺ പ്രതിഷ്ഠ (പ്രതിഷ്ഠ) നടക്കും.

ക്ഷേത്രം പണിയുന്ന രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രി മോദിയെയും ഭഗവതിനെയും പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഹൊസബലെ പറഞ്ഞു. രാജ്യത്തുടനീളമുള്ള ആർഎസ്എസ് പ്രവർത്തകർക്ക് അയോധ്യാ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ചരിത്രപരമായ നിമിഷം ആഗതമായതിനാൽ, ജനുവരി ഒന്നിനും ജനുവരി 15 നും ഇടയിൽ ഞങ്ങൾ രാജ്യവ്യാപകമായി സമ്പർക്ക് അഭിയാൻ (പൊതുജനസമ്പർക്ക കാമ്പയിൻ) നടത്തുമെന്ന് ട്രസ്റ്റിനോട് പറഞ്ഞു. മകരസംക്രാന്തി ദിവസം മുതൽ, ഞങ്ങൾ ക്ഷേത്ര ഗർഭഗൃഹത്തിൽ (പവിത്രസ്ഥാനം) പ്രാർത്ഥന നടത്തും. ഈ പ്രാർത്ഥനകളുടെ അവസാന ദിവസമായ ജനുവരി 22 ന് പ്രാൺ പ്രതിഷ്ഠ പൂർത്തിയാകും. രാജ്യത്തുടനീളമുള്ള സന്യാസിമാർ അവിടെയെത്തും, ”അദ്ദേഹം പറഞ്ഞു.

എല്ലാ ആർഎസ്എസ് പ്രവർത്തകർക്കും ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ രാജ്യത്തുടനീളം വീടുവീടാന്തരം കയറിയിറങ്ങി രാമന്റെയും ക്ഷേത്രത്തിന്റെയും ഫോട്ടോ ജനങ്ങൾക്ക് നൽകാനും പിന്നീടുള്ള ദിവസങ്ങളിൽ അത് സന്ദർശിക്കാൻ ക്ഷണിക്കാനും തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഹൊസബലെ പറഞ്ഞു. “രാജ്യവ്യാപകമായി സമഗ്രമായ പൊതുജനസമ്പർക്കം എന്നതാണ് ആശയം. ഈ പരിപാടിയുടെ വിശദാംശങ്ങൾ ഞങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു," അദ്ദേഹം പറഞ്ഞു.

Caste Rss obc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: