ന്യൂ ഡല്‍ഹി : ആര്‍ എസ് എസ്സിന്‍റെ കീഴിലുള്ള സാംസ്കാരിക സംഘമായ സംസ്കാര്‍ ഭാരതി കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി ചേര്‍ന്നുകൊണ്ട് മനുസ്മൃതി പുതുക്കാന്‍ പദ്ധതിയിടുന്നു. ഹിന്ദു ഗ്രന്ഥങ്ങള്‍ “ദളിത്‌ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്” എന്നാണ് “ജനങ്ങളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്”. അത് തിരുത്തേണ്ടതായുണ്ട്. മനുസ്മൃതിയില്‍ നിന്നാണ് തിരുത്ത് ആരംഭിക്കുക. സംസ്കാര്‍ ഭാരതിയിലെ ഒരു മുഖ്യ കാര്യവാഹക് സണ്ടേ എക്സ്പ്രസിനോട് പറഞ്ഞു.

സെമിനാറുകള്‍ പോലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും കലകളിലൂടെയും “നമ്മുടെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന സ്വീകാര്യത” ജനങ്ങളെ അറിയിക്കണം എന്നാണ് സംസ്കാര്‍ ഭാരതിയുടെ ജോയിന്‍റ്  സെക്രടറിയായ ആമിര്‍ ചന്ദിന്‍റെ അഭിപ്രായം.
“മനുസ്മൃതിയില്‍ നിന്നുമുള്ള സ്ത്രീ വിരുദ്ധവും ദളിത്‌ വിരുദ്ധവുമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ വാദമുഖങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഈ ഭാഗങ്ങളാണ് പലപ്പോഴും ഹിന്ദു ലിഖിതങ്ങള്‍ക്കെതിരായ വാദമുഖങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത്.” അദ്ദേഹം പറയുന്നു.

വര്‍ണാശ്രമത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട് മനു തയ്യാറാക്കിയ നിയമത്തിന്‍റെയും നിയന്ത്രണങ്ങളുടേയും ഒരു സംഹിതയാണ് മനുസ്മൃതി. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യക്രമമാണ് മനുസ്മൃതി അനുശാസിക്കുന്നത്. ക്രിസ്തുവിനും ഇരുന്നൂറു വര്‍ഷം മുന്നെ മനുസ്മൃതി എഴുതപ്പെട്ടു എന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനും മുന്നേ മനുസ്മൃതി നിലനിന്നു എന്ന അവകാശവാദങ്ങളുമുണ്ട്.

അമീര്‍ ചന്ദിന്‍റെ അഭിപ്രായപ്രകാരം മനുസ്മൃതിയെകുറിച്ച് പുതിയ ഗവേഷണങ്ങള്‍ വരേണ്ടതുണ്ട്.

“മനു 8,000 വര്ഷം മുന്നേ ജനിച്ചു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മനുസ്മൃതിയുടെ തന്നെ കുറെ പതിപ്പുകളുണ്ട്. അദ്ദേഹത്തിന്‍റെ മരണത്തിനും 5,500 വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടതായ പതിപ്പുകളും അതിലുണ്ട്. അതുകൊണ്ട് തന്നെ അത് എഴുതിയ ആളും എഴുത്തും ചോദ്യംചെയ്യപ്പെടേണ്ടതായുണ്ട്. അത് ഗവേഷണത്തിനായുള്ള വിഷയമാണ്. ആരെങ്കിലും  അതിനെക്കുറിച്ച് ചിന്തിക്കണം” അദ്ദേഹം പറയുന്നു.

മനുസ്മൃതി ഒരിക്കലും ദളിത്‌ വിരുദ്ധമോ സ്ത്രീവിരുദ്ധമോ ആയ വികാരമൊന്നും പ്രചരിപ്പിക്കുന്നില്ല എന്നാണ് അമീര്‍ ചന്ദിന്‍റെ പക്ഷം. അത്തരത്തില്‍ ഉള്ള വായനകള്‍ ‘പ്രചാരവേല’യുടെ ഭാഗവും ‘അറിവില്ലായ്മയുമാണ്‌ എന്ന് അദ്ദേഹം പറയുന്നു.

“ഋഗ്വേദത്തിലെ നാല്‍പത്തിയേഴ് സ്ത്രോത്രങ്ങള്‍ രചിച്ചത് ഒരു സ്ത്രീയാണ് എന്ന് ആര്‍ക്കും അറിയില്ല. എങ്ങനെയാണ് വേദങ്ങള്‍ക്ക് സ്ത്രീവിരുദ്ധമാവാന്‍ സാധിക്കുക ? നമ്മുടെ വിശുദ്ധഗ്രന്ഥങ്ങളെക്കുറിച്ച് തന്നെയുള്ള അറിവില്ലായ്മയാണ് പലരേയും അതിന്‍റെ വിമര്‍ശനങ്ങളിലേക്ക് നയിക്കുന്നത്. മനുസ്മൃതിയ്ക്ക് എന്തോ തെറ്റുണ്ട് എന്ന് എനിക്കും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ അത് ആരാണ് എഴുതിയത് എന്നുള്ള ഗഹനമായ ഗവേഷണത്തിനുശേഷം ആ ഭാഗം ഒഴിവാക്കാവുന്നതേയുള്ളൂ” അമീര്‍ചന്ദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook