ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ സംസ്‌കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം നല്‍കരുതെന്ന് തമിഴ്നാട്ടിലെ ആര്‍എസ്എസ് നേതാവും സ്വദേശി ജാഗരണ്‍ മഞ്ച് നേതാവുമായ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി.

അന്തരിച്ച മുന്‍മുഖ്യമന്ത്രിമാര്‍ക്കെല്ലാം ഐഐടിക്ക് സമീപമുള്ള സ്ഥലമാണ് നല്‍കിയത്. സിറ്റിങ് മുഖ്യമന്ത്രിമാരെ മാത്രമാണ് മറീന ബീച്ചില്‍ സംസ്‌കരിച്ചിട്ടുള്ളത്. അതുകൊണ്ട് കരുണാനിധിയ്ക്ക് മറീന ബീച്ച് അനുവദിക്കരുതെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. നേരത്തെ, മറീന ബീച്ചില്‍ കരുണാനിധിയുടെ ശവസംസ്‌കാരം നടത്തുന്നത് എതിര്‍ക്കുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഡിഎംകെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

അതേസമയം, അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് ജനപ്രവാഹമാണ്. കരുണാനിധിയുടെ വിയോഗത്തില്‍ ഒരാഴ്ച നീണ്ട ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ അവധിയായിരിക്കും. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ് കരുണാനിധിയുടെ മൃതദേഹം. വൈകിട്ടോടെ സംസ്‌കാരം നടക്കും. അതിന് മുന്നോടിയായി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ തമിഴ്‌നാട്ടിലെത്തും.

മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി അല്‍പ്പസമയത്തിനകം വീണ്ടും വാദം കേള്‍ക്കും. ചൊവ്വാഴ്ച രാത്രിയിലാണ് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ വിശദമായ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വാദം രാവിലെ എട്ടുമണിയിലേക്ക് മാറ്റിവച്ചത്. കരുണാനിധിയുടെ ഭൗതിക ശരീരം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ചെന്നൈയിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ