മുംബൈ: നാഗ്‌പൂരിലെ ആസ്ഥാന പരിസരത്ത് ഇഫ്‌താർ സംഗമം നടത്താനുളള രാഷ്ട്രീയ മുസ്ലിം മഞ്ച് (ആർഎസ്എസിന് കീഴിലെ മുസ്ലിം സംഘടന) നീക്കത്തിന് വിലക്ക്. പരിപാടി നടത്താനാവില്ലെന്ന് ആർഎസ്എസ് നിലപാടെടുത്തു.

“ഞങ്ങളെ വിമർശിക്കുന്നവരാണ് സാധാരണ ഇഫ്‌താറുകൾ സംഘടിപ്പിക്കാറുളളത്. മുസ്ലിങ്ങൾക്ക് വേണ്ടി ഇഫ്താർ സംഗമം  ഒരുക്കാൻ മറ്റുളളവരോട് ഇസ്ലാം എവിടെയും ആവശ്യപ്പെടുന്നില്ല. മഹാരാഷ്ട്രയിലെ ആർഎസ്എസ് ഭാരവാഹിയുടെ ഈ ആലോചന തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്,” രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് അഫ്‌സൽ വ്യക്തമാക്കി.

ഒരാഴ്ച മുൻപ് മഹാരാഷ്ട്ര മുംസ്ലിം മഞ്ച് കൺവീനർ മുഹമ്മദ് ഫാറൂഖ് ഷെയ്ഖാണ് ആർഎസ്എസ് മുംബൈ മഹാനഗര സംഘചാലക് രാജേഷ് ലോയയോട് ഈ ആവശ്യം ഉന്നയിച്ചത്.

“ഞാൻ കരുതിയത് ഇത്തരമൊരു പരിപാടി ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിക്കുന്നുവെന്ന പ്രചാരണത്തിന് ലോകത്തിനുളള മറുപടിയാകുമെന്നാണ്. അതിലെന്താണ് തെറ്റ്? കഴിഞ്ഞ വർഷം മോമിൻപുര ജുമാ മസ്ജിദിന് മുന്നിലാണ് ഞങ്ങൾ ഇഫ്‌താർ സംഘടിപ്പിച്ചത്. അതിൽ ചില ബിജെപി-ആർഎസ്എസ് നേതാക്കളും പങ്കെടുത്തിരുന്നു,” ഫാറൂഖ് ഷെയ്ഖ് പറഞ്ഞു.

“ആർഎസ്എസിന്റെ മൂന്നാം വർഷ പരിശീലന പരിപാടി ഇപ്പോൾ നാഗ്‌പൂർ ആസ്ഥാനത്തെ സ്‌മൃതി മന്ദിരത്തിൽ നടക്കുന്നുണ്ട്. അത്തരത്തിലുളള പരിപാടികളൊന്നും അവിടെ നടത്താനാവില്ല,” മുതിർന്ന നേതാവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

പരിപാടിയിൽ മാംസാഹാരം ഉപയോഗിക്കില്ലെന്ന് ഷെയ്ഖ് ഉറപ്പു നൽകിയിരുന്നു. എന്നിട്ടും അനുമതി ലഭിച്ചില്ല.

“ഇഫ്‌താർ നടത്തണമെന്ന് ആഗ്രഹിക്കുന്ന മുസ്ലിം ഇതിന് മറ്റൊരാളുടെ സഹായം തേടില്ല. അയാളത് സ്വയം സംഘടിപ്പിക്കും. ഇതിനാലാണ് അടിസ്ഥാനപരമായി ഇത് തെറ്റാണ് എന്ന് പറഞ്ഞത്,” മുഹമ്മദ് അഫ്‌സൽ വിശദീകരിച്ചു.

നേരത്തെ ആർഎസ്എസ് ഈദ് മിലാൻ പരിപാടി നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് ഭാരവാഹികൾ ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞു. അതേസമയം ഈദ് മിലാൻ പരിപാടി ആർഎസ്എസ് സംഘടിപ്പിക്കുമെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിവരം എന്ന് ഫാറൂഖ് ഷെയ്ഖ് കൂട്ടിച്ചേർത്തു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ