കൊല്‍ക്കത്ത: മുത്തലാഖിലൂടെ അനാഥരാക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ആര്‍എസ്എസ് ആലോചിക്കുന്നു. ആര്‍എസ്എസിന്റെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. സംഘടനയുടെ ബംഗാള്‍ ഘടകം വിവിധ ജില്ലകളില്‍ നിന്നുമുള്ള ഇത്തരം കുട്ടികളുടെ പ്രാഥമിക പട്ടികയും തയ്യാറാക്കി. ഇവര്‍ക്ക് വിദ്യാഭ്യാസം അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുക.

ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പദ്ധതി ചര്‍ച്ച ചെയ്യുമെന്ന് രാഷ്ട്രീയ മഞ്ച് നേതാക്കള്‍ വ്യക്തമാക്കി. മുത്തലാഖിലൂടെ ബംഗാളില്‍ നിരവധി പേരാണ് അനാഥരാക്കപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. മുത്തലാഖിലൂടെ കൈയൊഴിയപ്പെട്ട കുട്ടികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി അപേക്ഷകള്‍ വന്നതായി മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവ് ഷാഹിദ് അക്തര്‍ വ്യക്തമാക്കി.

മുത്തലാഖിന് ശേഷം പഠിപ്പിക്കാന്‍ ത്രാണിയില്ലാത്ത മുസ്ലിം സഹോദരിമാരുടെ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസവും പുനരധിവാസവും നല്‍കാനുള്ള പദ്ധതിക്ക് സംഘടനയ്ക്ക് അകത്തും പുറത്തും പിന്തുണ ലഭിച്ചതായും മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ബംഗാളില്‍ നിന്നുള്ള മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവ് ഇസ്ഹാറുല്‍ ഹഖ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ