മുംബൈ: അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ കഴിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യസമര സേനാനി പദവി നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ശുപാര്‍ശ തയ്യാറായതായും പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യം കാത്തു സൂക്ഷിക്കാനായി പോരാടിയവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനി പട്ടവും കൂടാതെ പെന്‍ഷനും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 19 മാസക്കാലം ജയിലില്‍ കഴിഞ്ഞവര്‍ക്ക് എട്ടോളം സംസ്ഥാനങ്ങളില്‍ ഈ പദവി നല്‍കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശും മധ്യപ്രദേശും ഇത്തരത്തില്‍ ആര്‍എസ്എസ് തടവുകാരെ ആദരിക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് ഫഡ്നാവിസ് സര്‍ക്കാര്‍. വിവരശേഖരണത്തിന് സമയം എടുക്കുമെന്നും ഇത് പൂര്‍ത്തിയായാലുടന്‍ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ ഇതിനകം തന്നെ പട്ടികയില്‍ ഇടം നേടാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ആര്‍എസ്എസിലെ ഒരു വിഭാഗം ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.
പെന്‍ഷനോ പദവിയോ കിട്ടാനല്ല അടിയന്തരാവസ്ഥയ്ക്ക് എതിരെ ആര്‍എസ്എസും ജനസംഘും പോരാടിയതെന്നാണ് ഇവരുടെ വാദം. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഇതിനായി നീക്കം നടത്തിയപ്പോള്‍ അന്നും ഇവര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.