scorecardresearch

മതപരിവർത്തനത്തിന് ധനസഹായം നൽകുന്നു, ആമസോണിനെ ലക്ഷ്യമിട്ട് ആർഎസ്എസ് ബന്ധമുള്ള മാഗസിൻ

“അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്” എന്ന് പേരുള്ള ഒരു സംഘടനയുമായി ആമസോണിന് സാമ്പത്തിക ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ അവർ മതപരിവർത്തനം നടത്തുന്നുണ്ടെന്നും മാഗസിൻ അവകാശപ്പെട്ടു

The Organiser, magazine, ie malayalam
ദി ഓർഗനൈസർ മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ കവർ ഫോട്ടോ

ന്യൂഡൽഹി: രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ മതപരിവർത്തനത്തിന് ധനസഹായം നൽകുന്നതായി ആർഎസ്എസ് ബന്ധമുള്ള മാഗസിൻ. ദി ഓർഗനൈസർ മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിലെ ‘അമേസിങ് ക്രോസ് കണക്ഷൻ’ എന്ന തലക്കെട്ടോടു കൂടിയ കവർ സ്റ്റോറിയിലാണ് ഈ ആരോപണമുള്ളത്.

“അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്” എന്ന് പേരുള്ള ഒരു സംഘടനയുമായി കമ്പനിക്ക് സാമ്പത്തിക ബന്ധമുണ്ടെന്നും ഈ മേഖലയിൽ അവർ മതപരിവർത്തനം നടത്തുന്നുണ്ടെന്നും മാഗസിൻ അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ആമസോൺ നിഷേധിച്ചു.

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച് (എബിഎം) നടത്തുന്ന ക്രിസ്ത്യൻ മതപരിവർത്തന മൊഡ്യൂളിന് ധനസഹായം നൽകുന്നു. ഇന്ത്യയിൽ ഓൾ ഇന്ത്യ മിഷൻ (എഐഎം) എന്ന പേരിൽ എബിഎം ഒരു സംഘടന നടത്തുന്നതായും മാഗസിൻ ആരോപിച്ചു. വടക്കു കിഴക്കൻ ഇന്ത്യയിൽ 25,000 പേരെ ക്രിസ്ത്യാനികളാക്കിയെന്ന് അവരുടെ വെബ്‌സൈറ്റിൽ പരസ്യമായി സംഘടന അവകാശപ്പെടുന്നുണ്ടെന്ന് മാഗസിൻ അവകാശവാദം ഉന്നയിച്ചു.

ഒരു ഇന്ത്യക്കാരന്റെ ഓരോ പർച്ചേസിനും പണം സംഭാവന ചെയ്തുകൊണ്ട് ആമസോൺ ഓൾ ഇന്ത്യ മിഷന്റെ കൺവേർഷൻ മോഡ്യൂൾ സ്പോൺസർ ചെയ്യുന്നതായി ആമസോൺ സ്‌മൈൽ ലോഗോയ്‌ക്കൊപ്പം ആമസോണിലൂടെയുള്ള എഐഎമ്മിന്റെ ഫണ്ടിങ് അപ്പീൽ ട്വിറ്റർ പോസ്റ്റ് ചൂണ്ടിക്കാട്ടി മാഗസിൻ പറയുന്നു.

”ആമസോൺ ഇന്ത്യയ്ക്ക് ഓൾ ഇന്ത്യ മിഷനുമായോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായോ യാതൊരു ബന്ധവുമില്ല. ആമസോൺസ്മൈൽ പ്രോഗ്രാം ആമസോൺ ഇന്ത്യ മാർക്കറ്റിൽ പ്രവർത്തിക്കുന്നില്ല. ആമസോൺസ്മൈൽ പ്രോഗ്രാമിലൂടെ വിവിധ ചാരിറ്റി സംഘടനകൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം. ഉപഭോക്താക്കൾക്ക് ചാരിറ്റി സംഘടനകൾക്ക് സംഭാവന ചെയ്യാം. ആമസോൺസ്മൈൽ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഒരു ചാരിറ്റിയുടെയും വീക്ഷണങ്ങളെ കമ്പനി അംഗീകരിക്കുന്നില്ല,” കവർ സ്റ്റോറിയെക്കുറിച്ച് ചോദിക്കാനായി ദി ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടപ്പോൾ ആമസോൺ വക്താവ് പറഞ്ഞു.

സെപ്റ്റംബറിൽ മാഗസിൻ നേരത്തെ നൽകിയ റിപ്പോർട്ടിന് ശേഷം ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ (എൻ‌സി‌പി‌സി‌ആർ) ശ്രദ്ധയിൽ വിഷയം പെട്ടിട്ടുണ്ടെന്നും ദി ഓർഗനൈസർ അവകാശപ്പെട്ടു.

അനാഥാലയങ്ങൾ വഴി അനധികൃതമായി മതപരിവർത്തനം നടത്താൻ ആമസോൺ ധനസഹായം നൽകുന്നുവെന്നാരോപിച്ച് അരുണാചൽ പ്രദേശിൽ നിന്ന് സെപ്റ്റംബറിൽ കമ്മീഷന് പരാതി ലഭിച്ചതായി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ആമസോണിന് ഒരു നോട്ടീസ് അയച്ചു. പക്ഷേ, ആമസോണിൽനിന്നും മറുപടി ലഭിച്ചില്ല. പിന്നീട് ഒക്ടോബറിൽ ആമസോണിന് സമൻസ് അയച്ചു. നവംബർ ഒന്നിന് മൂന്നു ആമസോൺ ഇന്ത്യ ഉദ്യോഗസ്ഥർ കമ്മിഷൻ ഓഫിസിലെത്തി തന്നെ കണ്ടതായി അദ്ദേഹം വ്യക്തമാക്കി.

”ആമസോൺ ഇന്ത്യയും ഓൾ ഇന്ത്യ മിഷനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ആമസോൺ ഇന്ത്യയിൽ നിന്ന് എൻജിഒയ്ക്ക് പണമൊന്നും പോകുന്നില്ലെന്നും ആമസോൺ പ്രതിനിധികൾ ഞങ്ങളോട് പറഞ്ഞു. ആമസോൺ അമേരിക്കയുമായി പരിശോധിച്ചശേഷം നവംബർ ആദ്യ ആഴ്ച അവർ മടങ്ങിയെത്തി. ഓൾ ഇന്ത്യ മിഷന് ആമസോൺ അമേരിക്ക കുറച്ച് പണം നൽകിയതായി ആമസോൺ ഇന്ത്യ ഞങ്ങളെ അറിയിച്ചു. വിദേശത്ത് സ്ഥിതി ചെയ്യുന്ന ഓൾ ഇന്ത്യ മിഷന്റെ വിലാസവും അവർ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. അഖിലേന്ത്യാ മിഷനെ കുറിച്ച് ഞങ്ങൾ കൂടുതൽ അന്വേഷിക്കും, ” കനൂംഗോ പറഞ്ഞു.

“ഓൾ ഇന്ത്യ മിഷൻ ഇന്ത്യയിൽ നിയമവിരുദ്ധമായി അനാഥാലയങ്ങൾ നടത്തുന്നുണ്ടെന്നും ഈ അനാഥാലയങ്ങൾ വഴി കുട്ടികളെ മതപരിവർത്തനം നടത്തുകയാണെന്നും” എൻ‌സി‌പി‌സി‌ആറിന്റെ അന്വേഷണത്തിൽനിന്നും കമ്മീഷൻ സ്ഥിരീകരിച്ചതായി കനൂംഗോ പറഞ്ഞു. “ഞങ്ങൾ അഖിലേന്ത്യാ മിഷനെ കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചു, പക്ഷേ അവർക്ക് വിലാസമില്ലെന്ന് തോന്നുന്നു. ഞങ്ങൾ അവരുടെ വെബ്സൈറ്റ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, സൈറ്റ് ബ്ലോക്ക് ചെയ്തു, ഞങ്ങൾക്ക് അന്വേഷണം നിർത്തേണ്ടിവന്നു,” അദ്ദേഹം പറഞ്ഞു.

എഐഎം വെബ്സൈറ്റ് ലഭിക്കുന്നില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തി. ഇന്ത്യൻ എക്‌സ്‌പ്രസ് അതിന്റെ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഐഡിയിലേക്ക് അയച്ച ഇ-മെയിലിനോട് എബിഎം പ്രതികരിച്ചില്ല. എഐഎമ്മിന് ജാർഖണ്ഡിൽ രണ്ട് മുന്നണികളുണ്ടെന്നും അതിന്റെ സ്ഥാപകർ ഇന്ത്യയെയും കേന്ദ്രത്തെയും അപകീർത്തിപ്പെടുത്താൻ നിരന്തരമായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും ഓർഗനൈസർ അതിന്റെ സെപ്റ്റംബർ റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rss linked magazine targets amazon says funding conversions

Best of Express