ഭോപ്പാല്‍: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ആര്‍എസ്എസിന്റേയും ആദരാഞ്ജലികള്‍. ദീപാവലിയോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള ‘ദിവാലി ബൈഠക്കി’ന്റെ ഭാഗമായാണിത്. ഗൗരി ലങ്കേഷിനൊപ്പം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ അന്തരിച്ച യുആര്‍ റാവുവിനും സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്നുള്ള, അന്തരിച്ച പ്രമുഖര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവര്‍ ബൈഠക്കില്‍ പങ്കെടുത്തു.

സമൂഹത്തിനുവേണ്ടി ഗൗരി ലങ്കേഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവരെ ആദരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി.

തീവ്ര വലതുപക്ഷ സംഘടനകളുടെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. സെപ്റ്റംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ വസതിക്കുപുറത്തുവെച്ച് ഗൗരി വെടിയേറ്റുമരിച്ചത്. കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കുനേരേ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്തുടനീളം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ