ന്യൂഡൽഹി: ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെ ഗാന്ധി ദർശനിൽ ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ആർഎസ്എസ് ദ്വിദിന യോഗം നടത്തി. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ന പ്രവാഹാണ് സമ്മേളനം നടത്തിയത്. ആർഎസ്എസ് പതാക ഉയർത്തലും പ്രാർത്ഥനയും യോഗ സമയത്ത് ഗാന്ധി ദർശനിൽ നടന്നതായി ഉന്നത ആർഎസ്എസ് നേതൃത്വം തന്നെ സ്ഥിരീകരിച്ചു.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, സഹസർകാര്യവാഹ് ദത്താത്ത്രേയ ഹൊസബലെ, മുൻ കേന്ദ്രമന്ത്രി മുരളിമനോഹർ ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, രാകേഷ് സിൻഹ തുടങ്ങി നിരവധി നേതാക്കൾ ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.

“ആർഎസ്എസ് പതാക സമ്മേളന സമയത്ത് ഉയർത്തി. ആർഎസ്എസ് പ്രാർത്ഥനകളും നടന്നു”, യോഗത്തിൽ പങ്കെടുത്ത ആർഎസ്എസ് പ്രചാരകരിൽ ഒരാൾ സ്ഥിരീകരിച്ചു. നേതാക്കളും പ്രതിനിധികളും അടക്കം നൂറോളം പേരുടെ യോഗമാണ് ഗാന്ധി ദർശനിൽ നടന്നത്.

ഗാന്ധിജിയെ നേരത്തേ ആർഎസ്എസിന്റെ പ്രഭാത പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിരുന്നു. എത് സമയത്തും ആലപിക്കാവുന്ന ഭാരത് ഭക്തി സ്തോത്രത്തിലാണ് ഗാന്ധിജിയെ പരാമർശിക്കുന്നത്.

“ഗാന്ധിജിയുടെ ശവകുടീരത്തിൽ ആർഎസ്എസ് പതാക ഉയർത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തുവെന്നതാണ് ഈ യോഗത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്”, യോഗത്തിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു.

ഗാന്ധിജിയുമായി ബന്ധപ്പെട്ട പരിപാടികൾ നടത്താനാണെന്ന് പറഞ്ഞത് കൊണ്ടാണ് ഗാന്ധി ദർശനിൽ സമ്മേളനം നടത്താൻ അനുമതി നൽകിയതെന്ന് ഗാന്ധി ദർശന്റെ ചുമതലക്കാരിലൊരാൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “ഞങ്ങൾക്കിത് വരെ പരിപാടിയുടെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്”, അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലെ ഒരു സ്വയംഭരണ സ്ഥാപനമാണ് ഗാന്ധി സ്മൃതി ആന്റ് ദർശൻ സമിതി പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയാണ് ചെയർമാൻ. സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മയാണ് വൈസ് ചെയർമാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook