ന്യൂഡല്‍ഹി : ആര്‍എസ്എസിനെ മുസ്ലിം ബ്രദര്‍ഹുഡുമായി താരതമ്യം ചെയ്ത രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ആര്‍എസ്എസ്. ഇന്ത്യയെ അറിയാത്ത രാഹുല്‍ ഗാന്ധിക്ക് സംഘ പരിവാറിനെയും മനസ്സിലാകില്ല എന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം.

” താന്‍ ഭാരതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്‌ ചിലപ്പോള്‍ അദ്ദേഹം തന്നെ പറയുന്നത്. ഭാരതത്തെ മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരാള്‍ക്ക് ആര്‍എസ്എസ്സിനെയും മനസ്സിലാക്കാന്‍ സാധിക്കില്ല. ഭാരതത്തെയെങ്കിലും മനസ്സിലാക്കിയാല്‍ മാത്രമേ ആര്‍എസ്എസിനെ മനസ്സിലാക്കാനാകൂ.” ആര്‍എസ്എസ് അഖിലേന്ത്യാ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞാഴ്ച്ച ലണ്ടന്‍ ഇന്‍റര്‍നാഷണല്‍ സ്ട്രാറ്റജിക് സ്റ്റഡീസില്‍ സംസാരിക്കവെയാണ് ആര്‍എസ്എസിനെ അറബ് ലോകത്തെ മുസ്ലിം ബ്രദര്‍ഹുഡുമായി രാഹുല്‍ ഗാന്ധി താരതമ്യം ചെയ്തത്.

സര്‍വധര്‍മ സംഭവ്, വാസുദേവ കുടുംബകം തുടങ്ങിയ ചിന്തകള്‍ മനസ്സിലാക്കിയ ഒരാള്‍ക്ക് മാത്രമേ ‘നമ്മള്‍ ഇന്ത്യക്കാര്‍ ‘ എന്താണ് എന്ന് മനസ്സിലാക്കാനാവൂ എന്ന് പറഞ്ഞ ആര്‍എസ്എസ് അഖിലേന്ത്യാ പ്രചാര്‍ പ്രമുഖ് രാഹുല്‍ ഗാന്ധിയുടെ താരതമ്യം വിവരമില്ലായ്മയാണ് എന്നും കൂട്ടിച്ചേര്‍ത്തു.

” ലോകം മുഴുവന്‍ ഇസ്ലാമിക മൗലികവാദമെന്ന ഭീഷണിക്കെതിരെ തിരിയുകയാണ്. അതിന്റെ ആഴം മനസ്സിലാക്കാനാകുന്നില്ല എന്നത് കൊണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്. അരുണ്‍ കുമാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 17 മുതല്‍ 19 തീയതി വരെ രാജ്യതലസ്ഥാനത്ത് ആര്‍എസ്എസ് ഒരു ത്രിദിന ശില്‍പശാല സംഘടിപ്പിക്കും എന്നും അരുണ്‍ കുമാര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്ര്‍ത്ടികളില്‍ പെട്ടവരെ ക്ഷണിക്കുന്ന പരിപാടിയില്‍ ‘ ആര്‍എസ്എസ് കാഴ്ചപ്പാടില്‍ ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭഗവത് സംസാരിക്കും എന്നും അരുണ്‍ കുമാര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook