മുംബൈ: ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആർഎസ്എസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതി രാഹുലിനെതിരെ കുറ്റം ചുമത്തിയത്. ഐപിസി 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയത്.

മഹാത്മ ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവയ്‌ക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുണ്ടേയാണ് കേസ് കൊടുത്തത്. 2014 ൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുൽ വിവാദപരമായ പരാമർശം നടത്തിയത്.

ഈ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി രാഹുലിനോട് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് രാഹുൽ ഇന്ന് കോടതിയിൽ നേരിട്ടെത്തിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ബോംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തളളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ച് വിചാരണ നേരിടാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ