ന്യൂഡെൽഹി: മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പരാമർശം സംഘടനയുടെ അഭിപ്രായമല്ലെന്ന് ആർ.എസ്.എസ് അഖിലഭാരതീയ സഹപ്രചാർ പ്രമുഖ് ജെ. നന്ദകുമാർ. ‘സംഘം ഹിംസയിൽ വിശ്വസിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ച് നിന്നുള്ള പ്രവര്‍ത്തനമാണ് നടത്തിപോന്നിട്ടുള്ളത്. ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം സംഘത്തിന്റേതല്ല. ഇതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കേരളത്തില്‍ സി.പി.എം അക്രമത്തിന് എതിരെ ജനാധിപത്യ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ്. ഡോ.ചന്ദ്രാവത്ത് എന്ന മധ്യപ്രദേശിലെ ഉജ്ജയ്നിലെ ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്‍റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റും ഇതിനായി പണം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ആർഎസ്എസ് ഭീഷണിയെ പിണറായി വിജയൻ ചിരിച്ചുതള്ളി.ആർഎസ്എസ് തലയെടുക്കുന്നവരാണെങ്കിലും തനിക്ക് സഞ്ചാരം മുടക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു.

കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നേതാവിന്‍റെ ഭീഷണി. നേരത്തെ മധ്യപ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ പിണറായി വിജയന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പിണറായി പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയത്. പിന്നീട് മംഗാലാപുരത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കില്ലെന്ന് ആര്‍.എസ്.എസ് ഭീഷണി മുഴക്കിയെങ്കിലും പിണറായി പങ്കെടുത്തിരുന്നു. മംഗലാപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ ആര്‍എസിഎസിനെ കടന്നാക്രമിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ