മുംബൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രംഗത്ത്. രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയാകണമെന്ന ആഗ്രഹം തനിക്കില്ല, തന്നാൽ സ്വീകരിക്കുകയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർഎസ്എസിലെ പ്രവര്‍ത്തനം തുടരാനാണ് തന്റെ ഇഷ്ടമെന്നും ഭഗവത് വ്യക്തമാക്കി. മോഹൻ ഭഗവതിനെ ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്താണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് മോഹൻ ഭഗവതിനേക്കാൾ മികച്ചൊരാളില്ലെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തെ ഏറ്റവും ഉയർന്ന പോസ്റ്റാണിത്. നല്ല പ്രതിച്ഛായ ഉള്ള നേതാക്കളിലൊരാളാണ് ഈ സ്ഥാനത്തേക്ക് ഉയർന്ന് വരേണ്ടത്. മോഹൻ ഭാഗവതിന്റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ഞങ്ങൾ അറിഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആലോചനയുണ്ടെങ്കിൽ ഇത് ഏറ്റവും മികച്ച തീരുമാനമായേ ഞാൻ പറയൂ. പക്ഷെ ഈ വിഷയത്തിൽ ഉദ്ധവ് താക്കറെയാണ് തീരുമാനമെടുക്കേണ്ടത്” അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വിരുന്നിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. “വിഭവസമൃദ്ധമായ സദ്യ പാചകം ചെയ്യുന്നത് ഉദ്ധവ് താക്കറെയുടെ വസതിയിലാണെ”ന്ന് അദ്ദേഹം പറഞ്ഞു.

“മുൻതിരഞ്ഞെടുപ്പുകളിലെല്ലാം രാഷ്ട്രപതി സ്ഥാനാർത്ഥി താക്കറെയുടെ വസതിയിലെത്തിയെങ്കിലും ഒഴുക്കിനെതിരെയാണ് അദ്ദേഹം നീങ്ങിയത്” സഞ്ജയ് പറഞ്ഞു. “രാജ്യ താത്പര്യം മുൻനിർത്തിയാണ് ശിവസേനയുടെ തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.”

“വോട്ട് വേണ്ടവർക്ക് ഉദ്ധവ് താക്കറെയുടെ വസതിയായ മതോശ്രീയിലേക്ക് വരാം. അവിടെ വച്ച് ഏത് സംഭാഷണത്തിനും ഞങ്ങൾ തയ്യാറാണ്. വിഭസമൃദ്ധമായ സദ്യയും അവിടുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ