ഷിക്കാഗോ: ഒരായിരം വര്‍ഷക്കാലം ദുരിതം അനുഭവിച്ചിട്ടും ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിട്ടില്ലെന്ന് ആര്‍എസ്എസ് സർസംഘചാലക് മോഹന്‍ ഭഗവത്. ‘ഒറ്റയ്ക്ക് നില്‍ക്കുന്നത് സിംഹം ആയാല്‍ പോലും അതിനെ കാട്ടുനായ്ക്കള്‍ക്ക് കൊല്ലാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിക്കാഗോയില്‍ നടക്കുന്ന ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേധാവിത്വം അല്ല വേണ്ടതെന്നും എന്നാല്‍ ഒരൊറ്റ സമൂഹായി നിലകൊണ്ടാല്‍ മാത്രമേ അഭിവൃദ്ധി ഉണ്ടാവുകയുളളുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരികയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഹിന്ദുക്കളെ സംഘടിപ്പിക്കാനായി ഹിന്ദു പ്രമുഖരുടെ അടുത്ത് ചെന്നാല്‍ അവര്‍ നമ്മുടെ കാര്യകര്‍ത്താക്കളോട് പറയുന്ന ഒരു വാക്കുണ്ട്. ഒരു സിംഹം കൂട്ടത്തില്‍ നടക്കാറില്ലെന്ന്. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കണം. ആ സിംഹം ഒറ്റയ്ക്ക് ആണെങ്കില്‍ അതിനെ കാട്ടുനായ്ക്കള്‍ക്ക് ആക്രമിച്ച് കൊലപ്പെടുത്താന്‍ സാധിക്കും’, മോഹന്‍ ഭഗവത് പറഞ്ഞു.
ജീവിതത്തിന്റെ ഏത് കോണില്‍ നിന്ന് നോക്കിയാലും ഏറെ ശ്രേഷ്ഠതയുളളവര് ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്നാല്‍ നമ്മള് ഒരിക്കലും ഒറ്റക്കെട്ടായി നില്ക്കുന്നില്ല. ഒരിക്കലും ഒന്നിച്ച് മുന്നോട്ട് പോവുന്നില്ല. ഹിന്ദു ധര്‍മ്മപ്രകാരം ഒരു അണുവിനെ പോലും നമ്മള് കൊല്ലുന്നില്ല. ആരേയും എതിര്‍ക്കാനല്ല ഹിന്ദുക്കള്‍ ജീവിക്കുന്നത്. നമ്മെ എതിര്‍ക്കുന്നവര്‍ ഉണ്ടാവാം. അവരെ മുറിപ്പെടുത്താതെ ആണ് നേരിടേണ്ടത്’, ഭഗവത് പറഞ്ഞു.
‘ഒന്നിച്ച് മുന്നേറാന്‍ നമ്മള് നോക്കണം. ഒരു സമൂഹമായി പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് നമുക്ക് അഭിവൃദ്ധി ഉണ്ടാവുക. എന്നെ നിങ്ങള്‍ ആധുനിക വിരുദ്ധനെന്ന് വിളിച്ചേക്കാം. എന്നാല്‍ മനുഷ്യകുലം 20 വര്‍ഷം കഴിഞ്ഞ് ചിന്തിക്കാന്‍ പോവുന്ന കാര്യങ്ങളാണ് നമ്മള് ഇപ്പോള്‍ ചെയ്യുന്നത്. നമ്മള് ഒന്നിച്ച് നില്‍ക്കണം, ഒന്നിച്ച് പ്രവര്‍ത്തിക്കണം’, ഭഗവത് ആവശ്യപ്പെട്ടു.
അടിസ്ഥാനപരമായ തത്വങ്ങളും ആത്മീയതയും പ്രാവര്‍ത്തികമാകാത്തത് കാരണം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഹിന്ദുക്കള്‍ ദുരിതം അനുഭവിച്ചതായി അദ്ദേഹം പറഞ്ഞു. ‘ഒന്നും തൊട്ടു കൂടാത്ത സംഗതിയല്ല. ഹിന്ദു എന്നത് ധര്‍മ്മമാണ്. ഒരു സിനിമാ നടനായ അനുപം ഖേര്‍ എന്താണ് ഇവിടെ ചെയ്യുന്നത്. സിനിമ എന്നത് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. അവിടെയും ഹിന്ദുത്വം ഉണ്ടാവണം, നിരവധി ഹിന്ദു സംഘടനകളും ആളുകളും ഉണ്ട്. അവരെയൊക്കെ ഒന്നിപ്പിക്കാന്‍ നമുക്ക് സാധിക്കണം’, ഭഗവത് കൂട്ടിച്ചേര്‍ത്തു.