ചിക്കാഗോ: നല്ല സമൂഹത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഹിന്ദു സംഘടനകളോട് ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ ആഹ്വാനം. ചിക്കോഗോയിൽ ലോക ഹൈന്ദവ കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500 ലേറെ പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ലോകത്ത് ഏറ്റവും ശ്രേഷ്ഠരായ ആളുകളുളളത് ഹൈന്ദവ മതത്തിലാണെന്ന് ആർഎസ്എസ് തലവൻ പറഞ്ഞു. ‘പക്ഷെ അവരൊരിക്കലും ഒരുമിച്ച് നിൽക്കാറില്ല. ഒരുമിച്ച് നിൽക്കുകയെന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ കാര്യമാണ്,” അദ്ദേഹം പറഞ്ഞു.

ആത്മീയതയുടെ അടിസ്ഥാന പ്രമാണങ്ങൾ പരിശീലിക്കാൻ മറന്നതിനാൽ ഹിന്ദുക്കൾ ആയിരക്കണക്കിന് വർഷങ്ങളായി ബുദ്ധിമുട്ടുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഭഗവത് പറഞ്ഞു. “നമ്മൾ ഒരുമിച്ച് നിൽക്കണം. എങ്ങിനെ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രത്യേകമായി പഠിക്കണം.”

“ഒന്നിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഹിന്ദുസംഘടനകൾക്ക് മുന്നേറാൻ സാധിക്കൂ. ചില സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഒറ്റയ്ക്ക് പ്രവർത്തിച്ചാൽ ഹിന്ദുക്കളുടെ വളർച്ച സാധ്യമാകില്ല” മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

സ്വാമി വിവേകാനന്ദന്റെ ലോകപ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാർഷികത്തിന്റെ സ്മരണാർത്ഥമാണ് രണ്ടാമത് ലോക ഹൈന്ദവ കോൺഗ്രസ് സംഘടിപ്പിച്ചത്.

ഈ സമ്മേളനത്തിന് സമൂഹത്തെ വിഭജിക്കാനുളള അജണ്ടയുണ്ടെന്ന വാദമുയർത്തി എതിർക്കുന്നവരുണ്ട്. എന്നാൽ അത്തരമൊരു അജണ്ട തങ്ങൾക്കില്ലെന്ന് സംഘാടക സമിതി ചെയർമാനായ എസ്.പി.കോതാരി പറഞ്ഞു. “ലോക ഹിന്ദു കോൺഗ്രസിനെ കുറിച്ച് വ്യക്തമായി അറിയാത്തവരാണ് അങ്ങിനെ പറയുന്നത്,” അദ്ദേഹം പറഞ്ഞു.

എഴുത്തുകാരൻ വി.എസ്.നൈപോൾ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ