ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലംമാറ്റ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മന്ത്രി വ്യക്തമാക്കി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയിൽ പരിഗണിച്ചത് ജസ്റ്റിസ് മുരളീധർ ആയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ ഉത്തരവിട്ടിരുന്നു. ഇതിനെ പിന്നാലെയാണ് ഇന്നലെ അർധരാത്രിയോടെ ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

“ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ഫെബ്രുവരി പന്ത്രണ്ടിലെ ശിപാർശ അനുസരിച്ചാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ സ്ഥലമാറ്റം. ജസ്റ്റിസ് മുരളീധറിന്റെ ഭാഗം കൂടി കേട്ടശേഷമായിരുന്നു കൊളീജിയത്തിന്റെ ശുപാർശ. എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു സ്ഥലമാറ്റം,”രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയ സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. ജസ്റ്റിസ് എസ്. മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയത് ഞെട്ടിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ‘സ്ഥലംമാറ്റം ലഭിക്കാത്ത ധീരനായ ജഡ്ജ് ലോയയെ ഓർക്കുന്നു’വെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്.

എന്നാൽ ലോയ കേസ് സുപ്രീംകോടതി തീര്‍പ്പാക്കിയതാണെന്നും വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് കോടതി ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നതെന്നും അതിനെ മാനിക്കാത്ത രാഹുല്‍ ഗാന്ധി സുപ്രീംകോടതിക്കും മുകളിലാണോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. സ്ഥലംമാറ്റം രാഷ്ട്രീയവത്കരിക്കുന്നതിലൂടെ, കോൺഗ്രസ് വീണ്ടും ജുഡീഷ്യറിയോടുള്ള അനാദരവ് പ്രകടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook