കോൺഗ്രസ് പ്രസിഡന്ര് രാഹുൽഗാന്ധിക്കെതിരെ നൽകിയ അവകാശ ലംഘന നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു ലോകസഭാ സ്പീക്കർ സുമിത്ര മഹാജന് അയച്ചതായി രാജ്യസഭാ ടി വി റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധി ലോകസഭാംഗമായ സാഹചര്യത്തിലാണ് തുടർ നടപടികൾക്കായി അവകാശലംഘനം നോട്ടീസ് ലോകസഭാ സ്പീക്കർക്ക് കൈമാറിയത്.

ബി ജെ പി നേതാവ് ഭൂപേന്ദ്ര യാദവാണ് അവകാശലംഘന നോട്ടീസ് നൽകിയത്. ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിക്കെതിരെ ” അപകീർത്തികരമായ” പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയെന്നാരോപിച്ചാണ് രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകിയത്. ജെയ്‌റ്റ്‌ലി എന്ന സർനെയിം അക്ഷരം തെറ്റിച്ച് ഉപയോഗിച്ചു വെന്നും ഇത് അങ്ങേയറ്റം അപകീർത്തികരമാണെന്നും പരാതിയിൽ പറയുന്നു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലും അതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ തുടർച്ചയിലുമാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നത്.

മൻമോഹൻസിങിനെയും ഹാമിദ് അൻസാരിയെയും ബഹുമാനത്തോടെയും ആദരവോടെയും കാണുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇവരുടെ ദേശസ്നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും അരുൺ ജെയ്‌റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഇതിനെ പരിഹസിച്ച് രാഹുൽ ഗാന്ധി ചെയ്ത ട്വീറ്റിലാണ് ജെയ്റ്റ്‌ലിയുടെ പേര് തെറ്റിച്ചെഴുതിയത്. ഇത് അപകീർത്തികരമാണെന്നാണ് ബി ജെ പി നേതാവ് ആരോപിക്കുന്നത്.

ബോധപൂർവ്വം ജെയ്‌റ്റ്‌ലിയെ അപകീർത്തിപ്പെടുത്തുന്നതിനുളളതായിരുന്നു കോൺഗ്രസ് പ്രസിഡന്രിന്രെ ട്വീറ്റ്. ബഹുമാനമില്ലാതെയും വിദ്വേഷത്തോടെയം ബോധപൂർവ്വമാണ് ജെയ്‌റ്റിലുടെ പേര് “വളച്ചൊടിച്ചത്” എന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ