/indian-express-malayalam/media/media_files/uploads/2023/10/Cyber-Crime-Bengaluru.jpg)
വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ് തട്ടിപ്പ് സംഘം ഇരകളെ ആകർഷിക്കുന്നത്
ബെംഗളൂരുവിലെ വടക്കേ അതിരായ യെലഹങ്കയിലെ ഒറ്റമുറി വീട്ടിൽ, 33 കാരനായ എംബിഎ ബിരുദധാരിയും 36 കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയറും രണ്ട് വർഷം മുമ്പ് പേരില്ലാത്ത ഒരു സ്വകാര്യ സംരംഭം ആരംഭിച്ചു. അതിലെ ജീവനക്കാരായി രണ്ട് യുവാക്കൾ ആ വീട്ടിൽ താമസിച്ചു, രാവും പകലുമെന്നില്ലാതെ എട്ട് മൊബൈൽ ഫോണുകൾ സജീവമായി സൂക്ഷിക്കുകയെന്നതായിരുന്നു ആ ജീവനക്കാരുടെ ജോലി.
ഈ വർഷം സെപ്തംബർ രണ്ടാം വാരത്തിലാണ് ബെംഗളൂരു സൈബർ ക്രൈം പൊലീസ് എംബിഎ ബിരുദധാരിയായ മനോജ് ശ്രീനിവാസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയർ കെ. ഫണീന്ദ്രയെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തത്.
തന്നെ 8.5 ലക്ഷം രൂപ വഞ്ചിച്ചെന്ന് കാണിച്ച് 26 കാരിയായ യുവതി നൽകിയ പരാതിയാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ആദ്യം ആപ്പിലും പിന്നീട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലുടെയും ഉയർന്ന വരുമാനത്തിനായി ചെറിയ നിക്ഷേപം നടത്തിയതിലൂടെയാണ് യുവതി കബളിക്കപ്പെട്ടത്.
ശ്രീനിവാസും ഫണീന്ദ്രയും വാടകയ്‌ക്കെടുത്ത വീട് ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് ശൃംഖലയുടെ ആസ്ഥാനമാണെന്ന് ചെറിയ തുക നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം ലഭിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രലോഭിപ്പിച്ച് ആയിരക്കണക്കിന് ആളുകളെ വഞ്ചിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ബെംഗളൂരുവിലെ ഈ ശൃംഖലയെ കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 84 ബാങ്ക് അക്കൗണ്ടുകളിലൂടെ 854 കോടി രൂപ അതിവേഗം കൈമാറ്റം നടത്തിയതായി കണ്ടെത്തി. സെപ്തംബറിൽ, ഈ അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി മരവിപ്പിക്കുമ്പോൾ അഞ്ച് കോടി രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
സൈബർ ക്രൈം പൊലീസ് ഒരു പടി കൂടി മുന്നോട്ട് പോയി ദേശീയ സൈബർ ക്രൈം പോർട്ടൽ പരിശോധിച്ചപ്പോൾ, സൈബർ കുറ്റവാളികൾ അതേ അക്കൗണ്ടുകൾ ഉപയോഗിച്ച 5,013 കേസുകൾ ഇന്ത്യയിലുടനീളം കണ്ടെത്തി. കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്ത 487 കേസുകളിൽ 17 എണ്ണം ബെംഗളൂരുവിൽ നിന്നുമാണ്. തെലങ്കാനയിൽ നിന്ന് 719, ഗുജറാത്തിൽ നിന്ന് 642, ഉത്തർപ്രദേശിൽ നിന്ന് 505 കേസുകൾ റിപ്പോർട്ട് ചെയ്തതായും പൊലീസ് കണ്ടെത്തി.
84 അക്കൗണ്ടുകളിലൂടെ 854 കോടി രൂപ ദുബായിൽ ആസ്ഥാനമായി പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന, തട്ടിപ്പിന്റെ മുഖ്യ നടത്തിപ്പുകാര്‍ യുഎസ്ഡിടി പോലുള്ള ക്രിപ്‌റ്റോകറൻസി, ഓൺലൈൻ കാസിനോകൾ, പേയ്‌മെന്റ് ഗേറ്റ്‌വേകൾ എന്നിവയിലേക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഓപ്പറേറ്റർമാർ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല.
ബെംഗളൂരുവിലേക്ക് സോഷ്യൽ മീഡിയ വഴി മാത്രം ആശയവിനിമയം നടത്തിയ ദുബായ് ആസ്ഥാനമായുള്ള ഓപ്പറേറ്റർമാർക്ക് ചൈനീസ് ഓപ്പറേറ്റർമാരുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
വ്യാജ കമ്പനികൾക്കായി സൃഷ്ടിച്ച 113 ബാങ്ക് അക്കൗണ്ടുകളിലൂടെ 15,000 പേരിൽ നിന്ന് 712 കോടി രൂപ കബളിപ്പിച്ചതായി സൈബർ ക്രൈം പൊലീസ് ജൂലൈയിൽ ഹൈദരാബാദിൽ സമാനമായ ഒരു കേസിന്റെ ചുരുളഴിഞ്ഞിരുന്നു. ഈ സംഭവത്തിൽ, ചൈനയുമായി ബന്ധമുള്ള ദുബായ് ആസ്ഥാനമായുള്ള ഓപ്പറേറ്റർമാരുമായി ഹൈദരാബാദ് കേസിലുള്ളവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഹൈദരാബാദ് അന്വേഷണത്തിൽ ഫണ്ടിങ്ങിൽ തീവ്രവാദ ബന്ധവും,ചില ഫണ്ടുകൾ ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധിപ്പിച്ച ക്രിപ്റ്റോ വാലറ്റുകളിലേക്ക് വഴിതിരിച്ചുവിട്ടതായും ആരോപിക്കപ്പെടുന്നു.
“ബെംഗളൂരു കേസിൽ, ചൈനയുടെ ഓപ്പറേറ്റർമാരുമായോ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവരുമായോ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നിലെ പ്രധാനികളെ കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്,” ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.
“ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് അവർ സൃഷ്ടിച്ച എല്ലാ ഇടപാടുകളിലും ഒന്ന് മുതൽ മൂന്ന് ശതമാനം വരെ കമ്മീഷൻ ലഭിച്ചു. നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി) പ്രക്രിയയിലൂടെ കടന്നുപോകാതെയാണ് അവർ പ്രാദേശികമായി ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചത്," ബെംഗളൂരു സൈബർ ക്രൈം ഉദ്യോഗസ്ഥൻ ഹസിരേഷ് തില്ലേദാർ പറഞ്ഞു.
ഇവർ ആരംഭിച്ച വ്യാജ അക്കൗണ്ടുകൾ, പ്രാദേശിക അക്കൗണ്ടുകളാണ് എന്ന് തോന്നിപ്പിക്കുന്നതിന് ബാങ്ക് നൽകുന്ന വൺടൈം പാസ് വേഡ് (OTP) കളുടെ ക്ലോണുകൾ (വ്യാജ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രാദേശിക ഫോൺ നമ്പറുകളിലേക്ക് അയ്‌ക്കുന്ന)ദൂബായിലുള്ളവർക്ക് അയ്കുന്നതിന് ഒരു അപ്ലിക്കേഷൻ ഉപയോഗിക്കാൻ ബെംഗളുരുവിലും ഉള്ളവരോട് ആവശ്യപ്പെട്ടു
എട്ട് മൊബൈൽ ഫോണുകൾ നിരന്തരം സജീവമാക്കുന്നതിന് പിന്നിലെ ലക്ഷ്യം വ്യാജ ബാങ്ക് അക്കൗണ്ടുകൾക്കും 'മ്യൂൾ' അക്കൗണ്ടുകൾക്കുമിടയിൽ ഫണ്ട് ട്രാൻസ്ഫർ സുഗമമാക്കാനും ക്രിപ്‌റ്റോ കറൻസി, ഗെയിമിംഗ് ആപ്പുകൾ, ഓൺലൈൻ കാസിനോകൾ എന്നിവ വഴി പണം തട്ടിയെടുക്കാനുമാണെന്ന് പൊലീസ് സംശയിക്കുന്നു.
“ഓൺലൈൻ കാസിനോകളും ഗെയിമിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് അതിൽ പങ്കെടുത്ത് ജയം സംബന്ധിച്ച രേഖകൾ ഇല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പ്രധാന ഉറവിടമാണെന്ന് സംശയിക്കുന്നു. മുഖ്യപ്രതികളിലൊരാൾ തട്ടിപ്പിൽ നിന്ന് സ്വന്തം വരുമാനം വെളുപ്പിക്കാൻ സ്വന്തമായി ഗെയിമിംഗ് ആപ്പ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും" ബെംഗളൂരുവിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കള്ളപ്പണം അന്താരാഷ്ട്ര ബാങ്കുകൾ വഴി ട്രാൻസ്ഫർ ചെയ്യുന്നുവെന്നും വിവിധ വിദേശ കമ്പനികളിലെ നിക്ഷേപമായാണ് ഇത് കാണിക്കുന്നതെന്നും ബെംഗളൂരു പൊലീസ് പറഞ്ഞു.
ആളുകളെ കബളിപ്പിച്ച് സമ്പാദിച്ച 1.37 കോടി രൂപ ബെംഗളുരുവിലെ സംഘത്തിൽപ്പെട്ടവർ സോഫ്‌റ്റ്‌വെയർ, കാസിനോ, റിസോർട്ട്, ഗാർമെന്റ് ഫാക്‌ടറി എന്നിവയിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ് സംഘം ഇരകളെ ആകർഷിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “ആദ്യം, പ്രതിദിനം 1,000 മുതൽ 5,000 രൂപ വരെ ലാഭം ലഭിക്കുമെന്ന വ്യാജേന 1,000 രൂപ മുതൽ 10,000 രൂപ വരെയുള്ള ചെറിയ തുകകൾ നിക്ഷേപിക്കാൻ അവരോട് ആവശ്യപ്പെടുന്നു,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏപ്രിൽ 28 ന് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ, പരാതി നൽകിയ 26കാരി പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്, തന്റെ സുഹൃത്ത് 'ദി വൈൻഗ്രൂപ്പ്' എന്ന ആപ്പിൽ, ചെറിയ നിക്ഷേപങ്ങൾ നടത്തുകയും അതിൽ നിന്ന് കുറച്ച് വരുമാനം നേടുകയും ചെയ്തു. ഇതേ തുടർന്ന് യുവതിയും ആ ആപ്പ് ഡൗൺലോഡ് ചെയ്യാൻ തീരുമാനിച്ചു.
"ആറ് ഗ്രൂപ്പ് അഡ്മിൻമാരുള്ള (വ്യത്യസ്ത ഫോൺ നമ്പറുകളുള്ള) 'സ്മോൾ ഗ്രൂപ്പ് ഓഫ് TWG2006' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ് ഞങ്ങൾ. എന്റെ ചില സുഹൃത്തുക്കളോടും ചേരാൻ ഞാൻ ആവശ്യപ്പെട്ടു. ആദ്യം അവർ ചെറിയ തുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഞാൻ കൂടുതൽ ഫണ്ട് (29 UPI ഐഡികളിലേക്ക്) 8.5 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ തുടങ്ങി. ഗ്രൂപ്പ് അഡ്മിൻ പിന്നീട് പണമോ പലിശയോ നൽകാൻ വിസമ്മതിച്ചു. അവർ പിന്നിട് എന്‍റെ സന്ദേശങ്ങള്‍ക്ക് മറുപടി തരാതെയായി,” കബളിപ്പിക്കപ്പെട്ട യുവതി പറഞ്ഞു.
കർണാടകയിലെ ഒരു വ്യാജ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളിലൊന്ന് തുറക്കാൻ സഹായിച്ച ബാങ്ക് ജീവനക്കാരനെ സൈബർ ക്രൈം പൊലീസ് കണ്ടെത്തിയതോടെ ബെംഗളൂരു പൊലീസിന്റെ അന്വേഷണത്തിന് ആക്കം കൂടി.
ബാങ്ക് അക്കൗണ്ട് തുറന്നതായി സംശയിക്കുന്ന വസന്ത് കുമാറിനെ പൊലീസ് നിരീക്ഷിച്ചപ്പോൾ, കൂട്ടാളിയായ ചക്രധറിനൊപ്പം വ്യാജ കമ്പനികളുടെ പേരിൽ നിരവധി അക്കൗണ്ട് ആരംഭിക്കാൻ നിയോഗിക്കപ്പെട്ടിരുന്നതായി പൊലീസ് ആരോപിക്കുന്നു.
ബംഗളൂരു കേസിൽ തട്ടിപ്പ് നടത്തിയ പണം ആദ്യം തമിഴ്‌നാട്ടിലെ ഒരു വ്യാജ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും പിന്നീട് കർണാടകയിലെ മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
"ബാങ്ക് അക്കൗണ്ട് തുറന്ന വ്യക്തിയെ ചോദ്യം ചെയ്തപ്പോൾ, താൻ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും തന്റെ ക്രെഡൻഷ്യലുകൾ ദുരുപയോഗം ചെയ്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു," ബെംഗളൂരു പോലീസ് പറഞ്ഞു.
കർണാടകയിലെയും തമിഴ്‌നാട്ടിലെയും രണ്ട് വ്യാജ സ്ഥാപനങ്ങളുമായി ബന്ധമുള്ള 45 ഓളം ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. “ഈ കമ്പനികൾക്ക് ജീവനക്കാരോ ഓഫീസുകളോ ഇല്ലായിരുന്നു. അത് ഷെൽ കമ്പനികളാണ്, ”പൊലീസ് പറഞ്ഞു.
“സൈബർ കുറ്റകൃത്യത്തിന്റെ വ്യാപ്തി കണ്ടെത്താൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലി (എൻസിആർപി)ലെ രേഖകളിൽ ഓൺലൈൻ തട്ടിപ്പിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ ട്രാക്ക് ചെയ്യുന്നത് ഇത് ആദ്യമായാണ്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സംഘങ്ങൾ ഉണ്ടാകാം. കൂടുതൽ അന്വേഷണങ്ങൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഞങ്ങൾ ഔദ്യോഗികമായി അറിയിക്കും,” എന്ന് പൊലീസ് പറഞ്ഞു.
സെപ്തംബർ 9ന് അറസ്റ്റിലായതിന് ശേഷമുള്ള ജാമ്യാപേക്ഷയിൽ ശ്രീനിവാസും കുമാറും തങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് വാദിച്ചു. “പരാതിക്കാരി സ്വമേധയാ തുക നിക്ഷേപിച്ചതാണ്, പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ട് തങ്ങൾ പരാതിക്കാരിയെ സമീപിച്ചിട്ടില്ല,” എന്നും അവർ വാദിച്ചു.
സെപ്തംബർ 30 ന് ഒരു ബംഗളൂരുവിലെ കോടതി ജാമ്യം അനുവദിച്ചെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിൽ അവർ ഇപ്പോഴും ജയിലിലാണ്.
ആറ് പേരെ അറസ്റ്റ് ചെയ്ത സൈബർ കുറ്റകൃത്യത്തിന്റെ അന്വേഷണത്തിന് കർണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു, എന്നാൽ അവർക്കെതിരെ മറ്റ് 16 കേസുകൾ കൂടി നിലവിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.