ന്യൂഡല്‍ഹി: ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ആശ്വാസമായി പ്രോവിഡന്റ് ഫണ്ട് വിഹിതം കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കുറച്ചു. നിലവിലെ 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായിട്ടാണ് കുറച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇത്മൂലം ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കുകയും തൊഴിലുടമയുടെ പക്കലും കൂടുതല്‍ പണം നില്‍ക്കുകയും ചെയ്യും. 6750 കോടി രൂപ അധികമായി സമ്പദ് വ്യവസ്ഥയിലെത്തും.

പിഎഫ് രണ്ട് ശതമാനം കുറച്ചതിന്റെ നേട്ടം 6.5 ലക്ഷം സ്ഥാപനങ്ങള്‍ക്കും 4.3 കോടി ജീവനക്കാര്‍ക്കും ലഭിക്കും. പ്രധാനമന്ത്രി കല്ല്യാണ്‍ ഗരീബ് പാക്കേജിന്റെ നേട്ടങ്ങള്‍ ലഭിക്കാത്ത ജീവനക്കാര്‍ക്കാണ് ഈ പദ്ധതി ബാധകം. കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ തൊഴിലുടമയുടെ 12 ശതമാനം തന്നെ തുടര്‍ന്നും അടയ്ക്കണം.

അതേസമയം, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കുന്നത് മൂന്ന് മാസത്തേക്ക് കൂടെ നീട്ടി. ജീവനക്കാരുടെ വിഹിതവും ഉടമയുടെ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. 12 ശതമാനം വീതമാണ് ഇരുവരുടേയും വിഹിതം.

ഈ പദ്ധതി പ്രകാരം 2500 കോടി രൂപയാണ് സര്‍ക്കാര്‍ അടയ്ക്കുക. നേരത്തേ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പിഎഫ് സര്‍ക്കാരാണ് അടച്ചത്. ഇത് ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലേക്കാണ് നീട്ടിയത്. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം ജീവനക്കാര്‍ക്കും നേട്ടമുണ്ടാകും.

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണിലായ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മന്ത്രി ഒരുപിടി നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് ചെറുകിട കമ്പനികള്‍ അടക്കമുള്ളവയ്ക്ക് ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപ വായ്പയായി നല്‍കും. കോവിഡ്-19 മൂലം പ്രവര്‍ത്തനവും വരുമാനവും നിലച്ച കമ്പനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള നടപടിയാണ് മന്ത്രി പ്രഖ്യാപിച്ചത്.

Read Also: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള സമയ പരിധി നീട്ടി

45 ലക്ഷം എം എസ് എം ഇ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാനും തൊഴില്‍ സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വായ്പാ കാലവധി നാലുവര്‍ഷവും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാനങ്ങള്‍ക്ക് വായ്പ. ഒക്ടോബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി

15 നടപടികളാണ് മന്ത്രി പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. വരുമാന നികുതി രേഖകള്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടുകയും ചെയ്തു. നവംബര്‍ 30 വരെയാണ് നീട്ടിയത്. കൂടാതെ, വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം തുക അടയ്ക്കേണ്ട തിയതി ഡിസംബര്‍ 31 വരെ നീട്ടി.

ഇതര സംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് സഹായം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. 41 കോടി ജന്‍ ധന്‍ അക്കൗണ്ടുടമകള്‍ക്ക് 52,606 കോടി രൂപ നല്‍കും.

Read Also: വരുമാന നികുതിദായകര്‍ക്ക് 18,000 കോടി രൂപയുടെ ആനുകൂല്യം; ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വിശദാംശങ്ങള്‍

വൈദ്യുതി വിതരണ കമ്പനികള്‍ക്ക് 90,000 കോടി രൂപയുടെ പാക്കേജ്.

അടുത്ത മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ ഇപിഎഫ് സഹായം തുടരും. 2500 കോടി രൂപ നീക്കിവച്ചു. ഈ തുക ഇപിഎഫ് വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.33 ലക്ഷം തൊഴിലാളികള്‍ക്കും നേട്ടം.

ടിഡിഎസ്, ടിസിഎസ് നിരക്ക് കുറയ്ക്കുന്നതിലൂടെ 50,000 കോടി രൂപയുടെ നേട്ടം നേരിട്ട് ജനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം വീതം കുറയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook