ന്യൂഡല്‍ഹി: 22,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍, ഗുജറാത്ത് ആസ്ഥാനമായുള്ള കപ്പല്‍ നിര്‍മാണ കമ്പനി എ ബി ജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ മുന്‍ മേധാവികള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബന്ധപ്പെട്ട 98 സ്ഥാപനങ്ങളെ ഉപയോഗിച്ച് കമ്പനി പണം വകമാറ്റിയതായാണ് സിബിഐയുടെ കണ്ടെത്തല്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ വഞ്ചിച്ചെന്ന പരാതിയില്‍ എ ബി ജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനും അന്നത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെ ഫെബ്രുവരി ഏഴിനാണ് സിബിഐ കേസെടുത്തത്. അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവെറ്റിയ എന്നിവര്‍ക്കും മറ്റൊരു കമ്പനിയായ എബിജി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസുണ്ട്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ക്രിമിനല്‍ വിശ്വാസ ലംഘനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Also Read: ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്ര ജയിൽ മോചിതനായി
2012 നും 2017 നും ഇടയില്‍ സിംഗപ്പൂരിലെ അനുബന്ധ സ്ഥാപനങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും കമ്പനി വായ്പാ തുഅ വക മാറ്റിയതായാണ് ആരോപിക്കപ്പെടുന്നത്. കമ്പനിക്കു വായ്പ നല്‍കിയ കണ്‍സോര്‍ഷ്യത്തിനു നേതൃത്വം നല്‍കിയ എസ്ബിഐ 2019 നവംബര്‍ എട്ടിനാണ് ആദ്യം പരാതി നല്‍കിയത്. 2020 മാര്‍ച്ച് 12 നു ബാങ്കില്‍നിന്ന് സിബിഐ ചില വിശദീകരണങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് ആ വര്‍ഷം ഓഗസ്റ്റില്‍ ബാങ്ക് പുതിയ പരാതി നല്‍കി. ഒന്നര വര്‍ഷത്തിലേറെ നീണ്ട ‘സൂക്ഷ്മപരിശോധന’യ്ക്കുശേഷമാണ് ഫെബ്രുവരി ഏഴിനു സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളുടെ ഭാഗത്തും കേസെടുക്കാന്‍ ഏജന്‍സിയുടെ ഭാഗത്തും കാലതാമസം ഉണ്ടായെന്ന ധാരണ തിരുത്താനാണ് ഏജന്‍സി ഇന്നു ശ്രമിച്ചത്. കേസിന്റെ സങ്കീര്‍ണത, 28 ബാങ്കുകളുടെ പങ്കാളിത്തം, എ ബി ജിയുടെ 100-ഓളം അനുബന്ധ കമ്പനികള്‍ ഉള്‍പ്പെട്ടത്, ചില സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചത് തുടങ്ങിയവ കാലതാമസത്തിനു കാരണമായി സിബിഐ ചൂണ്ടിക്കാണിക്കുന്നു.
2001 മുതല്‍ കമ്പനി എസ്ബിഐയുമായി ബിസിനസ് നടത്തുന്നുണ്ടെന്നും 2005 നും 2012 നും ഇടയിലാണ് മുടങ്ങിയ വായ്പയുടെ ഭൂരിഭാഗവും വിതരണം ചെയ്തതെന്നും അത് വ്യക്തമാക്കുന്നു. കമ്പനിക്ക് അനുവദിച്ച വായ്പ 2013-ല്‍ നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) മാറുകയും കടം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ അത് പുനരുജ്ജീവിപ്പിക്കാന്‍ പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2016-ല്‍ രണ്ടാമത്തെ എന്‍പിഎ പ്രഖ്യാപനത്തിലേക്കു നയിച്ചു.