scorecardresearch

അനധികൃത കൽക്കരിക്കടത്ത്: പ്രതികൾ പ്രതിദിനം കൈക്കലാക്കിയത് 2-3 കോടി രൂപയെന്ന് ഇ.ഡി

ആദായനികുതി വകുപ്പ് നൽകിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്

അനധികൃത കൽക്കരിക്കടത്ത്: പ്രതികൾ പ്രതിദിനം കൈക്കലാക്കിയത് 2-3 കോടി രൂപയെന്ന് ഇ.ഡി

ന്യൂഡൽഹി: കൽക്കരിക്കടത്തിന് അനധികൃത നികുതി ഈടാക്കി ഛത്തീസ്ഗഡ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പ്രതിദിനം ഉണ്ടാക്കിയത് 2-3 കോടി രൂപ വരെയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ഐഎഎസ് ഉദ്യോഗസ്ഥൻ സമീർ വിഷ്‌ണോയ്, ഇന്ദ്രമണി ഗ്രൂപ്പ് ഡയറക്ടർ സുനിൽ കുമാർ അഗർവാൾ, ലക്ഷ്മികാന്ത് തിവാരി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

റായ്ഗഡ് കലക്ടർ റാണു സാഹു, കേസിലെ മുഖ്യസൂത്രധാരൻ സൂര്യകാന്ത് തിവാരി എന്നിവർ ഒളിവിലാണ്.

“അന്വേഷണത്തിൽ ലക്ഷ്മികാന്ത് തിവാരിയുടെ പക്കൽനിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. അനധികൃതമായ സമ്പാദിച്ച പണത്തിൽ 1-2 കോടി രൂപ പ്രതിദിനം കൈകാര്യം ചെയ്തതായി ഇയാൾ സമ്മതിച്ചു. കൽക്കരി വ്യവസായികളായ ഇന്ദ്രമണി ഗ്രൂപ്പിലെ സുനിൽ കുമാർ അഗർവാളിന് ഈ റാക്കറ്റിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കേസിലെ മുഖ്യസൂത്രധാരൻ സൂര്യകാന്ത് തിവാരിയുടെ ബിസിനസ് പങ്കാളിയാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ സമീർ വിഷ്‌ണോയിയും അദ്ദേഹത്തിന്റെ ഭാര്യയും കണക്കിൽപ്പെടാത്ത 47 ലക്ഷം രൂപയും നാല് കിലോ സ്വർണാഭരണങ്ങളും കൈവശംവച്ചതായി കണ്ടെത്തിയിട്ടുണ്ട്,” ഇ.ഡി വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

ആദായനികുതി വകുപ്പ് നൽകിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കണക്കിൽപ്പെടാത്ത നാലരക്കോടി രൂപ, സ്വർണാഭരണങ്ങൾ, രണ്ട് കോടിയോളം രൂപ വരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഇതുവരെയുള്ള അന്വേഷണത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.

ഖനികളിൽ നിന്നുള്ള കൽക്കരി മാറ്റുന്നതിന് മുൻപ് ഓൺലൈൻ ഇ-പെർമിറ്റുകളായിരിന്നു വേണ്ടിയിരുന്നത്. എന്നാൽ ഈ നടപടിക്രമം പരിഷ്കരിച്ച് ജിയോളജി ആൻഡ് മൈനിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ 2020 ജൂലൈ 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെയാണ് അനധികൃത നികുതി ഈടാക്കിക്കൊണ്ടുള്ള ഇത്തരം കൽക്കരികടത്തുകൾ വ്യാപകമായതെന്നും ഇ.ഡി പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന ഇ.ഡി പരിശോധനകൾക്ക് കേന്ദ്രത്തെ വിമർശിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രംഗത്ത് വന്നിരുന്നു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rs 2 3 crore was daily collection as illegal levy on coal transportation says ed