കൊച്ചി: ലക്ഷദ്വീപ് തീരത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 218 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. രണ്ട് ബോട്ടുകളില്‍നിന്നായി പിടികൂടിയ മയക്കുമരുന്നിന് 1,526 കോടി രൂപയോളം വില വരും.
‘പ്രിന്‍സ്’, ‘ലിറ്റില്‍ ജീസസ്’ എന്നീ ബോട്ടുകളില്‍നിന്നായി ഒരു കിലോ വീതമുള്ള 218 പാക്കറ്റ് ഹെറോയിനാണു പിടിച്ചെടുത്തത്. ഇരു ബോട്ടുകളും അതിലുണ്ടായിരുവന്നരെയും കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ക്കായി കൊച്ചിയിലെത്തിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
വന്‍തോതില്‍ മയക്കുമരുന്നുമായി രണ്ട് ബോട്ടുകള്‍ മേയ് രണ്ടാം വാരത്തോടെ തമിഴ്നാട് തീരത്തുനിന്ന് കടക്കുമെന്നു ഡിആര്‍ഐക്കു മാസങ്ങള്‍ക്കു മുന്‍പ് രഹസ്യവിവരം ലഭിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഡിര്ആഐ, കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്നു മേയ് ഏഴു മുതല്‍ ‘ഓപ്പറേഷന് ഖോജ്ബീന്‍’ എന്ന രഹസ്യപേരിലുള്ള ദൗത്യം നടത്തിവരികയായിരുന്നുവെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സുജീത് എന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉപയോഗിച്ച് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിനോട് ചേര്‍ന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയായിരുന്നു ഉദ്യോഗസ്ഥര്‍. വളരെ പ്രക്ഷുബ്ധമായ കടലില്‍ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 18നാണു ബോട്ടുകള്‍ തടഞ്ഞത്. തുടര്‍ന്നു ബോട്ടുകള്‍ കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് എത്തിച്ചുനടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.

ഒരു മാസത്തിനിടെ ഡിആര്‍ഐ നടത്തുന്ന നാലാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഏപ്രില്‍ 20നു ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് ഇറക്കുമതി ചെയ്ത ജിപ്സം പൊടി ചരക്കില്‍നിന്ന് 205.6 കിലോ ഹെറോയിനും 29നു പിപാവാവ് തുറമുഖത്തുനിന്ന് ഹെറോയിന്‍ അടങ്ങിയ 396 കിലോ നൂലും പിടിച്ചെടുത്തിരുന്നു.
മേയ് 10നു ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്സില്‍നിന്ന് 62 കിലോ ഹെറോയിനും പിടിച്ചെടുത്തു. ഇവയ്ക്കെല്ലാം കൂടി രാജ്യാന്തര അനധികൃത വിപണിയില്‍ 2,500 കോടി മൂല്യം വരും. 2021 ഏപ്രില്‍ മുതല്‍ 26,000 കോടി രൂപ വില വരുന്ന 3,800 കിലോയോളം ഹെറോയിന്‍ ഡിആര്‍ഐ പിടിച്ചെടുത്തിട്ടുണ്ട്.
Also Read: പൊലീസുകാരുടെ മരണം; ഷോക്കേറ്റത് ‘പന്നിക്കെണി’യില്‍ നിന്ന്, ഒരാൾ അറസ്റ്റിൽ