കലബുറഗി: കർണാടകയിലെ കലബുറഗിയിൽ സാതിനേ സംഭ്രമ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരുക്കിയ അത്താഴ വിരുന്നിന് ചെലവായത് 10 ലക്ഷം. ലക്ഷങ്ങൾ ചെലവിട്ട് വെളളി പാത്രത്തിൽ മുഖ്യമന്ത്രിക്ക് ഒരുക്കിയ അത്താഴ വിരുന്ന് കോൺഗ്രസ് പാർട്ടിയെ വെട്ടിലാക്കി. മുഖ്യമന്ത്രിയെ കൂടാതെ ക്യാബിനറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.

പൊതുപണം ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് ഒരുക്കിയ അത്താഴവിരുന്നിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ”മുഖ്യമന്ത്രിക്ക് ജില്ലാ ഭരണകൂടം അത്താഴവിരുന്ന് ഒരുക്കിയതിൽ ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ വെളളി പാത്രത്തിൽ ഒരുക്കിയ അത്താഴവിരുന്നിന് ലക്ഷങ്ങൾ ചെലവായതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഒരു പ്ലേറ്റിലെ ഭക്ഷണത്തിന് 800 രൂപയാണ് ചെലവ്. ഹൈദരാബാദിൽനിന്നും പ്രത്യേക സംഘത്തെ എത്തിച്ചാണ് ഭക്ഷണം തയ്യാറാക്കിയത്. വളരെ സാധാരണക്കാരനായ വ്യക്തിയാണ് സിദ്ധരാമയ്യ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ചിലർ പറയുന്നത്. ഇത്തരത്തിൽ അത്താഴ വിരുന്നിനായി പൊതുപണം ചെലവഴിക്കുന്നതാണോ അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി”യെന്നും ബിജെപി നേതാവ് രാജ്കുമാർ തെൽകൂർ ചോദിച്ചു.

മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും വെളളി പാത്രത്തിൽ അത്താഴ വിരുന്ന് കഴിച്ച അതേ ദിവസം സെദാം ടൗണിൽ സിദ്ധരാമയ്യ പങ്കെടുത്ത പൊതു പരിപാടിയിക്ക് എത്തിയ ജനങ്ങൾക്ക് നൽകിയത് പുഴുക്കൾ നിറഞ്ഞ ഭക്ഷണമാണെന്നും രാജ്കുമാർ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook