ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ മോഷ്ടാക്കളിൽ ഒരാളായ അനിൽ ചൗഹാനെ മൂന്ന് മാസത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷം സെൻട്രൽ ഡൽഹിയിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 5000 ലധികം കാറുകളാണ് ഇയാൾ മോഷ്ടിച്ചത്. വിലകൂടിയ വസ്ത്രങ്ങൾ, സ്വർണ്ണ ബ്രേസ്ലെറ്റുകൾ, 10 കോടി രൂപ വിലമതിക്കുന്ന വില്ല എന്നിവയുമായി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിൽ തലസ്ഥാനത്തെത്തി മോഷണം നടത്തിയ ശേഷം ഇയാൾ തിരികെ പോകുമെന്ന് പൊലീസ് പറഞ്ഞു. 52 കാരനായ ഇയാൾ 25-30 കൂട്ടാളികളുടെ സഹായത്തോടെ ഗാംഗ്ടോക്ക്, അസമിന്റെ ചില ഭാഗങ്ങൾ, നേപ്പാൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മോഷ്ടിച്ച കാറുകൾ വിൽപന നടത്തും. മുൻപ് പലതവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇയാളെ കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്.
ഇൻസ്പെക്ടർ സന്ദീപ് ഗോദരയുടെ നേതൃത്വത്തിലുള്ള സംഘം സെൻട്രൽ ഡൽഹിയിൽനിന്ന് ഹൈ എൻഡ് എസ്യുവികളും സെഡാനുകളും മോഷണം പോയത് അന്വേഷിക്കുകയും ചൗഹാനെ സംശയിക്കുകയും ചെയ്തു. ”ഇയാളെ കണ്ടെത്താൻ അസം, സിക്കിം, നേപ്പാൾ, എൻസിആർ എന്നിവിടങ്ങളിലേക്ക് സംഘത്തെ അയച്ചു. പൊലീസ് പിടിയിൽനിന്ന് രക്ഷപ്പെടാൻ വിലകൂടിയ കാറുകളിൽ ബിസിനസുകാരനോ സർക്കാർ ഉദ്യോഗസ്ഥനോ ആയി ചമഞ്ഞ് കറങ്ങി നടക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. അസം സർക്കാരിനൊപ്പം കോൺട്രാക്ടറായി പ്രവർത്തിച്ചിരുന്നു. അയാൾക്ക് അവിടെ സർക്കാർ തലത്തിൽ നല്ല ബന്ധങ്ങളുണ്ട്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓഗസ്റ്റ് 23ന് ചൗഹാൻ ഡൽഹിയിലുണ്ടെന്നും കൂട്ടാളികളുമായി ചേർന്ന് മോഷണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു. “ഡിബിജി റോഡിൽ നിന്ന് ഒരു ബൈക്കിനും പിസ്റ്റളിനുമൊപ്പം ചൗഹാനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളുടെ പക്കൽ നിന്ന് അഞ്ച് പിസ്റ്റളുകൾ കൂടി കണ്ടെടുത്തു,” ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, കാറുകൾ മാത്രമല്ല ചൗഹാൻ മോഷ്ടിച്ചത്. കൊമ്പുകൾക്കായി കാണ്ടാമൃഗങ്ങൾ പോലുള്ള മൃഗങ്ങളെ വേട്ടയാടുകയും ചെയ്തിട്ടുണ്ട്. കാറുകളിൽ അനധികൃത ആയുധങ്ങളും ഇയാൾ കടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 181 കേസുകളിൽ ഇയാൾ പ്രതിയാണ്. ഇയാളുടെ 10 കോടിയുടെ വില്ലയും മറ്റ് സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
”അവൻ മോഷണം ഒരിക്കലും നിർത്തയില്ല. പലതവണ അറസ്റ്റ് ചെയ്തെങ്കിലും, വീണ്ടും കാറുകൾ മോഷ്ടിച്ചു കൊണ്ടിരുന്നു. അസം, നേപ്പാൾ, ഗാംഗ്ടോക്ക് എന്നിവിടങ്ങളിലാണ് ഇയാൾ കാർ വിൽപന നടത്തിയിരുന്നത്. ഡൽഹി, നോയിഡ, മീററ്റ് എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച കാറുകൾ ഇവിടെ എത്തിച്ച് വിൽക്കും. പൊലീസിൽനിന്ന് രക്ഷപ്പെടാൻ എല്ലാ കാറുകളും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിറ്റു. താൻ ഒരു കുറ്റകൃത്യത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് കാണിക്കാൻ ഒളിത്താവളങ്ങളിലേക്ക് മടങ്ങാൻ മാത്രമാണ് ചൗഹാൻ വിമാനം കയറുന്നത്,” ഓഫിസർ പറഞ്ഞു.
ചൗഹാന് മൂന്ന് ഭാര്യയും ഏഴ് കുട്ടികളുമുണ്ട്. ചൗഹാന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അയാൾ ഒരു കാർ ഡീലറാണെന്നാണ് കരുതിയിരുന്നതെന്നും രണ്ട് ഭാര്യമാർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
”ജനുവരിയിൽ അസമിലെ ദിസ്പൂരിൽ വച്ചാണ് ചൗഹാനെ അവസാനമായി അറസ്റ്റ് ചെയ്തതെങ്കിലും ജാമ്യത്തിൽ ഇറങ്ങി. ഇത്തവണ, ഞങ്ങൾ അവന്റെ റാപ്പ് ഷീറ്റ് കോടതിയിൽ ഹാജരാക്കുകയാണ്, അതിനാൽ അവൻ ഉടൻ പുറത്തിറങ്ങില്ല. 1990 കളുടെ തുടക്കത്തിൽതന്നെ ഇയാൾ മോഷണം ആരംഭിച്ചു. നിരവധി കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിദേശത്തുള്ള തന്റെ ഇടപാടുകാർക്ക് ലഹരി മരുന്ന് കടത്താനും ഇയാൾ ശ്രമിക്കുകയാണ്,” ഡിസിപി (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു.