/indian-express-malayalam/media/media_files/uploads/2018/06/kejriwal-1.jpg)
ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിയ്ക്കുന്നതിനിടെ ആരോഗ്യ പ്രവർത്തകർക്ക് ജീവഹാനി സംഭവിച്ചാൽ അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. യുദ്ധത്തിൽ പോരാടുന്ന സൈനികരെ പോലെയാണ് ഓരോ ആരോഗ്യപ്രവർത്തകരുമെന്ന് കേജ്‌രിവാൾ പറഞ്ഞു.
"ഒരു യുദ്ധസമയത്ത്, ഒരു സൈനികൻ തന്റെ രാജ്യത്തെ സംരക്ഷിക്കുന്നു, ജീവൻ പണയപ്പെടുത്തുന്നു .... നമ്മുടെ രാഷ്ട്രം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നു. ഇന്ന്, നിങ്ങൾ ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന ജോലി ഒരു സൈനികന്റെ ജോലിയേക്കാൾ കുറഞ്ഞതല്ല. നിങ്ങൾ ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ നിങ്ങളുടെ ജീവൻ പണയപ്പെടുത്തുകയാണ്,” കേജ്‌രിവാൾ പറഞ്ഞു.
Read More: ഡൽഹി ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു
രാജ്യം സംരക്ഷിക്കുന്നതിനിടെ ഏതെങ്കിലും സൈനികൻ മരിച്ചാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
"കോവിഡ്-19 ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ ഏതെങ്കിലും ആരോഗ്യ പ്രവർത്തകരോ, ശുചിത്വ തൊഴിലാളികളോ, ഡോക്ടർമാരോ നഴ്സുമാരോ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ, ആദരസൂചകമായി അവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. അവർ സ്വകാര്യ മേഖലയിലായാലും, സർക്കാർ മേഖലയിലായാലും ഒരുപോലെ പരിഗണിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ പീഡിയാട്രിക്സ് ഡിപ്പാർട്മെന്റിലെ 32 വയസുളള ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചത്. സാഫ്ദർജങ് ആശുപത്രിയിലെ ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാർച്ച് 26 നാണ് വൈറസ് സ്ഥിരീകരിച്ചത്.
”അദ്ദേഹത്തിന്റെ പരിശോധനഫലം പോസിറ്റീവായിരുന്നു. ഞങ്ങൾ വീണ്ടും ടെസ്റ്റിന് അയയ്ക്കുകയാണ്” സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിവന്റീവ് ഓൺകോളജി ഡിപ്പാർട്മെന്റിലെ മുതിർന്ന ഡോക്ടർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read in English: Kejriwal: Rs 1 crore for kin of healthcare workers if they die while treating coronavirus cases
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us