മുംബൈ: സാധാരണക്കാരുടെ പണത്തിന് മുകളിൽ അനാവശ്യ ചാർജുകൾ ചുമത്തി കോടികൾ കൊയ്യുന്ന ഇന്ത്യയിലെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എഴുതി തളളിയത് ഒന്നര ലക്ഷം കോടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കിനെ അപേക്ഷിച്ച് 61.8 ശതമാനം അധിക തുകയാണ് ഇക്കുറി എഴുതി തളളിയത്.

2009 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നീണ്ട പത്ത് വർഷം കൊണ്ട് 4,80,093 കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകൾ എഴുതി തളളിയത്. ഇതിൽ 83.04 ശതമാനവും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളാണ് എഴുതി തളളിയത്.

ഇക്കുറി എഴുതി തളളിയ 1.44 ലക്ഷം കോടി രൂപയിൽ 1.20 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളാണ് എഴുതി തളളിയത്. തിരിച്ചടവുണ്ടാവില്ലെന്ന് ഉറപ്പാകുന്ന വിഭാഗങ്ങളിലാണ് ബാങ്കുകൾ സാധാരണ വായ്‌പകൾ എഴുതി തളളിയത്.

അതേസമയം വായ്‌പകൾ എഴുതി തളളുന്നത് സാങ്കേതികമായ ഭാഗമാണെന്നും, ഇതിലൂടെ നികുതി ഇളവ് ലഭിക്കുമെന്നും കോർപ്പറേഷൻ ബാങ്ക് മുൻ ചെയർമാൻ പ്രദീപ് രാംനാഥ് പറഞ്ഞു. “വായ്‌പ എഴുതി തളളിയാലും ആസ്‌തികൾ വസൂലാക്കാനുളള നടപടികൾ തുടരും.” അദ്ദേഹം വിശദീകരിച്ചു.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 40281 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ഒഴിവാക്കിയത്. നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ പ്രതിസ്ഥാനത്ത് നിൽക്കുന്ന പഞ്ചാബ് നാഷണൽ ബാങ്ക് 7207 കോടി രൂപയാണ് എഴുതി തളളിയത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 1,23,137 കോടി രൂപ എഴുതി തളളി. ബാങ്ക് ഓഫ് ഇന്ത്യ 28068 കോടിയും കാനറ ബാങ്ക് 25505 കോടിയും എഴുതി തളളി. പഞ്ചാബ് നാഷണൽ ബാങ്ക് 25811 കോടിയും ഈ കാലയളവിൽ എഴുതി തളളി.

മാർച്ച് 2018 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകൾ 23928 കോടിയാണ് എഴുതി തളളിയത്. 2017 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 13119 കോടിയായിരുന്നു. ആക്‌സിസ് ബാങ്ക് 11688 കോടിയും ഐസിഐസിഐ ബാങ്ക് 9110 കോടിയും എഴുതി തളളി. പത്ത് വർഷം കൊണ്ട് 79400 കോടിയാണ് ഇത്തരത്തിൽ എഴുതി തളളിയത്.

‌വായ്‌പയെടുത്തവരോട് അവരുടെ വായ്‌പ എഴുതി തളളിയ കാര്യം സാധാരണ അറിയിക്കാറില്ലെന്നാണ് ബാങ്കുകൾ വിശദീകരിച്ചത്. റിക്കവറി നടന്നാൽ ഇത് ബാങ്കുകളുടെ ലാഭത്തിന്റെ ഭാഗമാകും. ഇതിന് പുറമെ നികുതി ഇളവും നേടാനാകുമെന്നാണ് ഒരു സ്വകാര്യ ബാങ്കിന്റെ സിഇഒ വിശദീകരിച്ചത്.

എന്നാൽ സാങ്കേതികമായ ഇത്തരം നീക്കങ്ങൾ സുതാര്യമല്ലെന്ന് ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ കെസി ചക്രബർത്തി പറഞ്ഞു. “പൊതുജനങ്ങളുടെ പണമാണ് ഇത്തരത്തിൽ എഴുതി തളളുന്നത്. എത്ര തുക, ആരുടേത് എഴുതി തളളുന്നുവെന്ന് വ്യക്തമാക്കേണ്ട ബാധ്യത ബാങ്കുകൾക്കുണ്ട്. അല്ലാത്ത പക്ഷം അതൊരു കുംഭകോണമാണ്,” കെ.സി.ചക്രബർത്തി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ