ന്യൂഡൽഹി: ചരക്കുസേവന നികുതിയുടെ ഭാഗമായി രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില കുറച്ചു. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും വിലയാണ് കുറച്ചത്. എഞ്ചിന്‍ കപ്പാസിറ്റിയുടെ അടിസ്ഥാനത്തിലാണ് വിലയില്‍ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.

350 സിസിക്ക് താഴെയുളള ബൈക്കുകള്‍ക്ക് 28 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തുക. നേരത്തേ ഇത് 30 ശതമാനമായിരുന്നു. 350 സിസിക്ക് മുകളിലുളള ബൈക്കുകള്‍ക്ക് 31 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. നേരത്തേ ഇത് 30 ശതമാനമായിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഭൂരിപക്ഷം അംഗങ്ങളും 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലാണ്.

ക്ലാസിക് 500, സ്റ്റാന്‍ഡേര്‍ഡ് 500, തണ്ടര്‍ബേഡ് 500, കോണ്‍ടിനന്റല്‍ ജിടി, ഹിമാലയന്‍ എന്നിങ്ങനെ നീളുന്നതാണ് റോയല്‍ എന്‍ഫീല്‍ഡ് നിര. അതിനാല്‍ മേല്‍ പറഞ്ഞ മോഡലുകളില്‍ എല്ലാം മൂന്ന് ശതമാനം അധിക സെസ് ഈടാക്കപ്പെടും. ഇന്ത്യയില്‍ 350 സിസിക്ക് താഴെയുളള വാഹനങ്ങള്‍ക്കാണ് പ്രാചരമേറെ എന്നത് കൊണ്ട് തന്നെ ജിഎസ്ടി നിലവില്‍ വന്നതോടെ ഇരുചക്രവാഹന വിപണി തഴച്ചുവളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിവിഎസ് നിരയില്‍ മിക്ക മോഡലുകളുടെയും വില കുറച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ടിവിഎസ് മോഡലുകള്‍ ഭാവിയില്‍ അണിനിരക്കുമെങ്കിലും, 310 സിസി എഞ്ചിന്‍ ശേഷിക്ക് മുകളില്‍ പോകാനുള്ള സാധ്യത വിരളമാണ്.

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോയും ബൈക്കുകളുടെ വില കുറച്ചു. ബൈക്കുകളുടെ വിലയിൽ 1,800 രൂപയുടെ വരെ കുറവാണ്​ ഹീറോ വരുത്തിയിരിക്കുന്നത്​. 400 രൂപ മുതൽ 1,800 രൂപ വരെയുടെ കുറവാണ്​ വിവിധ മോഡലുകൾക്ക്​ കുറവ്​ വരുത്തിയിരിക്കുന്നത്. ബൈക്കുകളുടെ വിലയിൽ സംസ്ഥാനങ്ങൾക്കനുസരിച്ച്​ വ്യത്യാസമുണ്ടാകും. ജി.എസ്​.ടി നിലവിൽ വന്നതിനെ തുടർന്ന്​ കാർ നിർമാതാക്കളായ മാരുതി, ടോയോട്ട, ടാറ്റ, ബി.എം.ഡബ്​ളിയും എന്നിവരും വിലയിൽ കുറവ്​ വരുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ