ന്യൂഡൽഹി: റോയൽ എൻഫീൽഡിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ ക്ലാസിക് 500 പെഗാസസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആഗോളതലത്തില്‍ തന്നെ 1000 യൂണിറ്റുകളാണ് പുറത്തിറക്കിയത്. ഇതില്‍ 250 ബൈക്കുകളാണ് ഇന്ത്യയില്‍ വ്യാഴാഴ്ച മുതല്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പുതിയ മോഡലിന്റെ ബുക്കിങ് ഓൺലൈനായി ചെയ്യാനേ സൗകര്യമൊരുക്കിയിട്ടുള്ളൂ.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടീഷ് സേനാംഗങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്ന ആർഇ ഡബ്ല്യു ഡി 125 ഫ്ലൈയിങ് ഫ്ലീ എന്ന മോഡലിന്റെ രൂപമാതൃകയനുകരിച്ചാണ് ക്ലാസിക് 500 പെഗാസസ് നിർമിച്ചിരിക്കുന്നത്. സർവീസ് ബ്രൗണ്‍, ഒലിവ് ഡ്രാബ് ഗ്രീൻ എന്നീ നിറങ്ങളിലാകും പുതിയ മോഡൽ വിപണിയിലെത്തുക. എന്നാൽ ഇന്ത്യയിൽ സർവീസ് ബ്രൗൺ നിറത്തിലുള്ള പെഗാസസ് മോഡലുകൾ മാത്രമേ വിൽപനയ്ക്കെത്തിയിട്ടുളളൂ.
499 സിസി എയർ കൂൾഡ് സിങ്കിൾ സിലണ്ടർ എൻജിനാണ് 500 പെഗാസസിന് കരുത്തു പകരുന്നത്. ബ്രാസ് ബക്കിൾസ്, ടാൻഗ് ബാഡ്ജ്, എക്സോസ്റ്റ് മഫ്ലർ, ഹെഡ്ലൈറ്റ് ബസൽ തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ. മറ്റൊരു ബൈക്കിനും അവകാശപ്പെടാനാവാത്ത യുദ്ധചരിത്ര പശ്ചാത്തലമാണ് പെഗാസസിന്റെ ഏറ്റവും പ്രധാന സവിശേഷതയെന്ന് റോയൽ എൻഫീൽഡ് സിഇഒ സിദ്ധാർഥ ലാൽ പറഞ്ഞു. വില: 2,49,217 രൂപയാണ് ബൈക്കിന് ഇന്ത്യയിലെ വില.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ റെഡ് ബെരെറ്റ്സ് പാരച്യൂട്ട് സൈനികവിഭാഗമാണ് 1939 ഫ്ലൈയിങ് ഫ്ലീ മോഡലുകള്‍ ഉപയോഗിച്ചിരുന്നത്. യുദ്ധഭൂമിയിലേക്ക് പാരച്യൂട്ടിലാണ് ബുളളറ്റ് സൈന്യം കൊണ്ടു പോയിരുന്നത്. 125 സിസി മാത്രമുണ്ടായിരുന്ന ബൈക്കിന് 56 കി.ഗ്രാം മാത്രം ഭാരമുണ്ടായിരുന്നതും എളുപ്പത്തില്‍ ഇത് ആകാശമാര്‍ഗം കൊണ്ടുപോവാന്‍ സഹായിച്ചു.
ശത്രുസങ്കേതങ്ങളില്‍ പരിശോധന നടത്താനും യുദ്ധഭൂമിയിലേക്ക് സൈനികര്‍ക്ക് എത്തിച്ചേരാനുമാണ് ഈ ബൈക്കുകള്‍ ഉപയോഗിച്ചിരുന്നത്. ബൈക്കിന് ഭാരം കുറവായത് കൊണ്ട് തന്നെ ഓടിക്കുന്നയാള്‍ക്ക് തടസ്സഘട്ടങ്ങളില് എടുത്ത് ഉയര്‍ത്താനും സാധിക്കുമായിരുന്നു. ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയവും പാരച്യൂട്ട് വ്യൂഹവുമായും കൈകോര്‍ത്താണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോഡല്‍ തയ്യാറാക്കിയത്.