ക്ലാസിക് 350 സിഗ്നല്‍ എഡിഷനുകളില്‍ ആന്റി-ലോക്ക് ബ്രേക്ക്സ് (എബിഎസ്) സംവിധാനം കൊണ്ടുവന്നതിന് പിന്നാലെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളിലും റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് സംവിധാനം അവതരിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ക്ലാസിക് 350 ഗണ്‍ മെറ്റല്‍ ഗ്രേയില്‍ എബിഎസ് സംവിധാനം അപ്ഡേറ്റ് ചെയ്തു. 1.80 ലക്ഷം രൂപയാണ് ഓണ്‍റോഡ് വില. 350യുടെ മറ്റ് നിറങ്ങളിലും എബിഎസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഗണ്‍ മെറ്റലിന് ആവശ്യക്കാര്‍ ഏറെയാണ്. നിരവധി മോഡലുകളാണ് കഴിഞ്ഞ മാസങ്ങളില്‍ വിറ്റുപോയത്. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച മറ്റേത് മോഡലുകളേക്കാളും മികച്ച രീതിയിലാണ് ഗണ്‍ മെറ്റല്‍ വിറ്റു പോകുന്നതെന്നാണ് കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നത്.

125 സിസിക്ക് മുകളിലുളള ബൈക്കുകളില്‍ എബിഎസ് സംവിധാനം ഒരുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നേരത്തേ വന്നിരുന്നു. ഇന്ത്യയില്‍ ആന്റി – ലോക്ക് ബ്രേക്കിങ് സുരക്ഷ ലഭിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളായി പുതിയ ക്ലാസിക് നിര ഈയടുത്താണ് കമ്പനി അവതരിപ്പിച്ചത്. സിഗ്നേച്ചര്‍ 350 പതിപ്പുകള്‍ 500ന്റെ രണ്ട് നിറങ്ങളിലായിരുന്നു അവതരിപ്പിച്ചത്.

കാലങ്ങളായി മോഡലുകള്‍ക്ക് എബിഎസ് സുരക്ഷ നല്‍കാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു റോയല്‍ എന്‍ഫീല്‍ഡ്. 2019 ഏപ്രിലിനകം 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് സുരക്ഷ കര്‍ശനമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വീണ്ടുവിചാരം.

മോഡലുകള്‍ക്ക് ഇരട്ട ചാനല്‍ എബിഎസ് നല്‍കാന്‍ കമ്പനി താത്പര്യം കാട്ടുന്നത് പ്രശംസനീയം തന്നെ. ഇരട്ട ചാനല്‍ സംവിധാനത്തില്‍ ഇരു ടയറുകളിലും വ്യത്യസ്ത സെന്‍സറുകളാണ് ഇടംപിടിക്കുക. പുതിയ എബിഎസ് സുരക്ഷ കൂടി ബൈക്കിന് ലഭിക്കുന്നതോടെ വില്‍പന ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

വാഹനങ്ങളുടെ ബ്രേക്കിങ്​ കൂടുതൽ കാര്യക്ഷമമാക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ്​ എബിഎസ്​. വാഹനങ്ങൾ സഡൻ ബ്രേക്കിടു​മ്പോൾ ബ്രേക്കി​​​​ന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനം നിൽക്കണമെന്നില്ല. ഇത്തരത്തിൽ നിൽക്കാത്ത വാഹനം തെന്നി നീങ്ങി അപകടങ്ങൾ സൃഷ്​ടിക്കും. അതുപോലെ പെ​ട്ടെന്ന് ബ്രേക്ക്​ ചെയ്യു​മ്പോൾ വാഹനത്തി​​​​ന്റെ നിയന്ത്രണം നഷ്​ടമാകാനും സാധ്യതയുണ്ട്​. എബിഎസ്​ ടയറി​​​ന്റെ ചലനം പൂർണമായി നിലക്കുന്നത്​ തടഞ്ഞ്​ മെച്ചപ്പെട്ട സ്​റ്റിയറിങ്​ നിയന്ത്രണം ഉറപ്പാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook