റോയൽ എൻഫീൽഡ് ബുള്ളറ്റ് പ്രേമികൾ ദിനംപ്രതി കൂടിവരികയാണ്. ഇതിനിടയിലാണ് റോയൽ എൻഫീൽഡ് ബുളളറ്റ് ചവറ്റുകൂനയിൽ കളഞ്ഞ ഉടമ വാർത്തകളിൽ നിറയുന്നത്. 2.4 ലക്ഷം വിലയുളള റോയൽ എൻഫീൽഡ് പെഗാസസ് 500 ആണ് ഉടമ ചവറ്റു കൂനയിൽ കളഞ്ഞത്.

കഴിഞ്ഞ മാസമാണ് റോയൽ എൻഫീൽഡ് പെഗാസസ് 500 ഇന്ത്യയിൽ അവതരിപ്പിച്ചത്. 2.40 ലക്ഷം രൂപയായിരുന്നു പട്ടാള ബൈക്ക് എന്ന് വിശേഷിപ്പിക്കാവുന്ന പെഗാസസിന്റെ ഇന്ത്യയിലെ വിപണി വില. ഗ്ലോബല്‍ അടിസ്ഥാനത്തില്‍ പെഗാസസിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ 250 എണ്ണം മാത്രമാണ് ഇന്ത്യയിലെത്തിയത്. ലിമിറ്റഡ് എഡിഷനായതുകൊണ്ട് വളരെ കഷ്ടപ്പെട്ടാണ് ബുളളറ്റ് പ്രേമികൾ ഇത് സ്വന്തമാക്കിയത്.

പെഗാസസ് 500 പുറത്തിറങ്ങി ഏതാനും ആഴ്ചകൾക്കകം ക്ലാസിക് 350 വെർഷൻ പുറത്തിറങ്ങി. ഇതിനു വെറും 1.61 ലക്ഷം മാത്രമായിരുന്നു വില. ഡ്യുവൽ ചാനൽ എബിഎസിന്റെ സുരക്ഷയോട്​ കൂടിയാണ്​ സിഗ്​നൽ ക്ലാസിക്​ 350 ഇന്ത്യൻ നിരത്തിലെത്തിയത്. ഇതാണ് ബുളളറ്റ് പ്രേമികളെ പ്രകോപിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് പുതിയ മോഡൽ പുറത്തിറങ്ങി കമ്പനി തങ്ങളെ പറ്റിച്ചുവെന്നാണ് പെഗാസസ് 500 ഉടമകൾ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഒരാൾ രണ്ടര ലക്ഷം വിലയുളള ബുളളറ്റ് ചവറ്റുകൂനയിൽ തളളിയത്.

ഇതുസംബന്ധിച്ച് പെഗാസസ് 500 വാങ്ങിയവർ കമ്പനിക്ക് തുറന്ന കത്തും എഴുതിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കമ്പനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ഉടമകൾക്ക് ലഭിച്ചത്. കമ്പനിയുടെ മറുപടിയിൽ പ്രതിഷേധിച്ച് കൂടുതൽ പേർ പെഗാസസ് 500 ചവറ്റുകൂനയിൽ തളളാനാണ് ഒരുങ്ങുന്നത്. അതത് നഗരങ്ങളിലെ മുൻസിപ്പാലിറ്റിക്കോ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലേക്കോ ബുളളറ്റ് നൽകുമെന്നാണ് ഉടമകൾ അറിയിച്ചിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook