ലണ്ടൻ: ബ്രിട്ടനിലെ രാജകുമാരൻ വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽടൺ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിക്കും ഒരു കുഞ്ഞനുജനെയാണ് ഇന്ന് ലഭിച്ചത്. ലണ്ടൻ സമയം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലാണ് കേറ്റ് മിഡിൽടൺ പ്രസവിച്ചത്. ഇതേ ആശുപത്രിയിലാണ് ആദ്യ രണ്ട് പ്രസവങ്ങളും നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പ്രസവസമയം വില്യംസ് രാജകുമാരന്‍ സമീപത്ത് ഉണ്ടായിരുന്നതായും കെന്‍സിങ്ട്ടണ്‍ കൊട്ടാരം ട്വീറ്റ് ചെയ്തു.
പുതിയ രാജകുമാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും കുഞ്ഞിനായി നേരത്തേ പേര് കണ്ടുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജദമ്പതികളുടെ രണ്ടാം കുഞ്ഞ് ഷാര്‍ലറ്റ് രാജകുമാരി ജനുവരിയില്‍ രണ്ടാം വയസില്‍ നഴ്സറിയില്‍ പോയിത്തുടങ്ങിയിട്ടുണ്ട്. മെയ് മാസം ഷാര്‍ലറ്റിന് മൂന്ന് വയസ് തികയും. മൂത്ത മകനായ ജോര്‍ജ് രാജകുമാരന്‍ കഴിഞ്ഞ സെപ്തംബറിലാണ് സ്കൂളില്‍ ചേര്‍ന്നത്.
ലോകത്തിലെ വിദഗ്ദ ഡോക്ടർമാരും അത്യാധുനിക സൗകര്യങ്ങളുമടങ്ങിയ ലിന്റോ വിങ് ആശുപത്രിയിലെ ഗൈനക്കോളജി, ഇഎൻടി വിഭാഗങ്ങൾ ലോകോത്തര നിലവാരുമുള്ളതാണ്. ലിന്റോ വിങിലെ റോയൽ സ്യൂട്ടിലാണ് കേറ്റ് മിഡിൽടൺ രാജകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഏകദേശം 7500 പൗണ്ടാണ് ലിന്റോ വിങിലെ റോയൽ സ്യൂട്ടിന്റെ ഒരു ദിവസത്തെ വാടക. സ്റ്റാൻഡേർഡ് റൂമിന് 5900 പൗണ്ടും, ഡീലക്സ് റൂമിന് 6275 പൗണ്ടുമാണ് ചാർജ്. രാജകുമാരിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ആയിരക്കണക്കിനാളുകളാണ് ലിന്റോ വിങിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
2017 ആഗസ്റ്റിലാണ് കേറ്റ് മിഡിൽട്ടൺ രാജകുമാരി ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്. പോളണ്ട് യാത്രയ്ക്കിടെ വില്യം-കേറ്റ് ദമ്പതികൾ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കേറ്റ് രാജകുമാരിയുടെ സഹോദരി പിപ്പ ആദ്യത്തെ ഗർഭം ധരിച്ചെന്ന വാർത്ത കഴിഞ്ഞ ഞായറാഴ്ച പുറത്തുവന്നിരുന്നു. കേറ്റിനൊപ്പം പിപ്പയും ഗർഭിണിയായതോടെ മിഡിൽടൺ കുടുംബത്തിന് ഇരട്ടി സന്തോഷമായിരുന്നു.
വില്യം രാജകുമാരന്റെ സഹോദരൻ ഹാരി രാജകുമാരന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയൊണ് കൊട്ടാരത്തിലേക്ക് മറ്റൊരു സന്തോഷവാർത്ത കൂടി എത്തുന്നത്. ദീഘനാളത്തെ പ്രണയത്തിന് ശേഷം അമേരിക്കൻ നടി മെഗൻ മാർക്കിളിനെ ഹാരി വിവാഹം ചെയ്യാനൊരുങ്ങുന്നത്.