വിവാഹ ധനസഹായവുമായി ബന്ധപ്പെട്ട് ബിജെപി നയിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. യോഗ്യത പരിശോധിക്കുന്നതിനിടെ ഇരുനൂറിലധികം സ്ത്രീകളെ ഗര്‍ഭപരിശോധന നടത്താന്‍ പ്രേരിപ്പിച്ചതായാണ് ആരോപണം.
സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല. എന്നാല്‍ ചിലരുടെ ശാരീരികക്ഷമത പരിശോധിക്കുന്നതിനിടെ ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയതായി പ്രാദേശിക ബിജെപി നേതാവ് പറഞ്ഞു.
വിവാഹ ധനസഹായത്തിന് അര്‍ഹരായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ 49,000 രൂപയാണ് നല്‍കുന്നത്. 6,000 രൂപ സമൂഹ വിവാഹത്തിനായും സര്‍ക്കാര്‍ ഉപയോഗിക്കും. ആകെ 55,000 രൂപയാണ് പദ്ധതിയുടെ കീഴില്‍ ഒരാള്‍ക്ക് ലഭിക്കുക. ഡിന്‍ഡോരി ജില്ലയില്‍ വച്ചുള്ള സമൂഹ വിവാഹത്തിന് മുന്‍പ് ശനിയാഴ്ചയാണ് പരിശോധന നടന്നത്.
സ്ത്രീകളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കിയതായി തനിക്ക് വിവരം ലഭിച്ചതായി കോൺഗ്രസിന്റെ പ്രാദേശിക എംഎൽഎ ഓംകാർ സിംഗ് മർകം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പരിശോധനയില്‍ പരാജയപ്പെട്ട സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കിയിട്ടില്ലെന്നും, ഇത്തരം നടപടികള്‍ അടിസ്ഥാന അവകാശങ്ങളുടെ ലംഘനവും അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മുന്നിൽ ഉന്നയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ ജില്ലാ അധ്യക്ഷന്‍ ആവാദ് രാജ് വിശദീകരണ വീഡിയോ പുറത്തിറക്കിയിരുന്നു.
“മുഖ്യമന്ത്രി കന്യാദൻ യോജനയ്ക്ക് കീഴിൽ പെൺകുട്ടികളുടെ ശാരീരികക്ഷമത പരിശോധിക്കാൻ മെഡിക്കൽ ടെസ്റ്റ് നടത്തി. നമ്മുടെ ജില്ലയിൽ, സിക്കിൾ സെൽ അനീമിയ പോലുള്ള നിരവധി പ്രശ്‌നങ്ങളുണ്ട്. അതിനാൽ, എല്ലാത്തരം പരിശോധനകളും ചെയ്യാറുണ്ട്. പരിശോധന നടത്തിയപ്പോൾ, കുറച്ച് സ്ത്രീകൾ ഗർഭിണികളാണെന്ന് കണ്ടെത്തി, അത്തരമൊരു സാഹചര്യത്തിൽ, അവർ വിവാഹിതരാണെന്ന് ഞങ്ങൾ ഊഹിച്ചു. അവരെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല,” അദ്ദേഹം വ്യക്തമാക്കി.
ജില്ലയില്‍ സിക്കിള്‍ സെല്‍ അനീമിയ കൂടുതല്‍ പേരില്‍ കണ്ട് വരുന്ന രോഗമാണെന്നും ഇത്തരം വിവാഹങ്ങള്‍ നടത്തുമ്പോള്‍ രക്തപരിശോധന നടത്താറുണ്ടെന്നും ജില്ലാ കലക്ടര്‍ വിശ്വാസ് മിശ്ര പറഞ്ഞു. രക്ത പരിശോധനയില്‍ അഞ്ച് പേരുടെ ആര്‍ത്തവചക്രത്തില്‍ വ്യത്യാസം കണ്ടെത്തുകയും അവരെ ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കുകയുമായിരുന്നെന്നും കലക്ടര്‍ അറിയിച്ചു. വിവാഹം കഴിഞ്ഞവര്‍ക്ക് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.